ബീജിംഗ് : തെക്കൻ ചൈനയിലെ കിന്റർഗാർട്ടനിൽ സെക്യൂരിറ്റി ജീവനക്കാരൻ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്ക്. ഗുവാംഗ്ഷി പ്രവിശ്യയിലെ കാംഗ്‌വു കൗണ്ടിയിൽ ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ 37 പേർ കിന്റർഗാർട്ടനിലെ കുട്ടികളാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിന്റെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പരിക്കേറ്റവരിൽ കിന്റർഗാർട്ടന്റെ പ്രിൻസിപ്പൽ, ഒരു സെക്യൂരിറ്റി ജീവനക്കാരൻ, ഒരു വിദ്യാർത്ഥി എന്നിവരുടെ നില ഗുരുതരമാണെന്ന് ചൈനീസ് മാദ്ധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്യുന്നു. 2018 ഒക്ടോബറിൽ സമാന രീതിയിൽ പടിഞ്ഞാറൻ ചൈനീസ് നഗരമായ ചോംഗ്ക്വിംഗിൽ കിന്റർഗാർട്ടനിൽ ഒരു സ്ത്രീ കത്തിയുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 14 കുട്ടികൾക്ക് പരിക്കേറ്റിരുന്നു. 2010ൽ മാത്രം വിവിധ ചൈനീസ് സ്കൂളുകളിൽ നടന്ന ആക്രമണങ്ങളിൽ 20 ഓളം കുട്ടികളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ കർശനമാക്കിയിരുന്നു.