പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിമീനാക്ഷി അമ്മാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 73 വയസായിരുന്നു. മെയ് 25നാണ് ഇവർ ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തി കടന്ന് പാലക്കാടേക്കെത്തിയത്. പ്രമേഹം, ന്യുമൂണിയോ ഉൾപ്പെടെയുള്ള രോഗം ഇവർക്കുണ്ടായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി.
പാലക്കാട് എത്തിയ മീനാക്ഷി അമ്മാൾ ശ്രീകൃഷ്ണപുരത്തെ സഹോദരൻ്റെ വീട്ടിൽ ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം അയച്ച സാംപിൾ ആണ് കൊവിഡ് പൊസീറ്റീവായത്.
ഇവർക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നു തന്നെ നടത്തും. പാലക്കാട് രോഗ വ്യാപനം കൂടുന്നതിനിടെയാണ് ആശങ്ക വർദ്ധിപ്പിച്ച് ജില്ലയിൽ ആദ്യത്തെ കൊവിഡ് മരണമുണ്ടാകുന്നത്. ജില്ലാ ആശുപത്രിയിലെ അഞ്ച് ആരോഗ്യ പ്രവർത്തകരടക്കം നിലവിൽ കൊവിഡ് ബാധിതരാണ്.