2018 ആഗസ്റ്റിൽ സംസ്ഥാനത്തിന്റെ മുക്കാൽ ഭാഗത്തെയും മുക്കിയ മഹാപ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ വമ്പിച്ച മണൽ ശേഖരം വലിയൊരു രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന ഭരണകൂട അനാസ്ഥയുടെ ബാക്കി പത്രമാണ് പമ്പാതീരത്തെ മണൽ ശേഖരം.
പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണലും കല്ലും മറ്റ് അവശിഷ്ടങ്ങളും നദിയുടെ സ്വാഭാവിക ഒഴുക്കിന് തടസമായപ്പോഴാണ് മണൽ വാരി കരയിൽ ശേഖരിച്ചത്. മണലിന് പൊന്നുവിലയുള്ള സംസ്ഥാനത്ത് എളുപ്പം വിറ്റുപോകാവുന്ന അസംസ്കൃത വസ്തുവാണിത്. ഒന്നേകാൽ ലക്ഷത്തിലേറെ ക്യുബിക് മീറ്റർ മണൽ പമ്പാതീരത്ത് രണ്ടുവർഷമായി അനാഥമായി കിടക്കുകയാണ്. ലേലം ചെയ്ത് വിറ്റിരുന്നുവെങ്കിൽ നാട്ടുകാർക്ക് അത് പ്രയോജനപ്പെടുമായിരുന്നു. മണലിൽ കുറെ ഭാഗം ദേവസ്വം ബോർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൗജന്യമായി നൽകിയതൊഴിച്ചാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഇതിനിടെ 2019-ലും സാമാന്യം വലിയ വെള്ളപ്പൊക്കമുണ്ടായി. പമ്പാ നദിയിലൂടെ ധാരാളം വെള്ളം ഒഴുകിപ്പോവുകയും ചെയ്തു. പല ഘട്ടങ്ങളിലും നദി കരകവിഞ്ഞു. തീരത്ത് കൂട്ടിയിട്ടിരുന്ന മണൽ ശേഖരത്തിൽ കുറെയൊക്കെ കുത്തൊഴുക്കിൽ ഒലിച്ചുപോയി. അതിനുശേഷവും അമൂല്യ സമ്പത്തായ ഈ മണൽ ശേഖരം വിറ്റഴിക്കണമെന്ന് സർക്കാരിന് തോന്നിയില്ല. നദികളിൽ നിന്ന് മണൽ ശേഖരിച്ച് വിൽക്കുന്നതുവഴി ആയിരം കോടി രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ചപ്പോഴും പമ്പാ തീരത്തു അട്ടിയായി സൂക്ഷിച്ച മണൽ വിറ്റഴിക്കാൻ കഴിഞ്ഞില്ലെന്നത് അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും മികച്ച ദൃഷ്ടാന്തം തന്നെയാണ്. ഇപ്പോൾ ഭൂതോദയമുണ്ടായതു പോലെ സ്വീകരിച്ച നടപടികളാണ് വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വഴിവച്ചിരിക്കുന്നത്. മണൽ നീക്കുന്നതിനെയും ഉടമസ്ഥാവകാശത്തെയും ചൊല്ലി സർക്കാർ വകുപ്പുകൾ തമ്മിലും തർക്കം തുടങ്ങിയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന് ബലമേറിയ ഒരു ആയുധം കൂടി സർക്കാർ വച്ചു നീട്ടിയത് വിവാദം കൂടുതൽ കൊഴുപ്പിക്കുന്നുമുണ്ട്.
കാലവർഷം കൂടുതൽ കനക്കുന്നതിനു മുൻപ് പമ്പാതീരത്തെ മണൽ ശേഖരം മാറ്റാനുള്ള സർക്കാർ തീരുമാനം തെറ്റായിപ്പോയെന്ന് ആരും പറയുകയില്ല. ഇത്രയും വൈകരുതായിരുന്നു എന്നേ സ്ഥിരബോധമുള്ളവർ പറയൂ. മണൽ നീക്കാൻ ഏല്പിച്ച കമ്പനി ചുമതല സ്വകാര്യ കമ്പനിക്ക് മറിച്ച് നൽകിയതിനെയും അതിന്റെ വ്യവസ്ഥയെയും ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ആറ്റുമണൽ ആർക്കും സൗജന്യമായി നൽകേണ്ട ആവശ്യമില്ല. ഇത്തരം കാര്യങ്ങളിൽ സർക്കാരിന് വ്യക്തമായ ചട്ടങ്ങളും മാനദണ്ഡങ്ങളുമുള്ളതാണ്. മണൽ നീക്കത്തിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പരസ്യ ടെണ്ടർ വിളിച്ച് എന്തുകൊണ്ട് മണൽ വിറ്റഴിച്ചുകൂടാ? രണ്ടുവർഷം മുൻപ് സർക്കാർ കൈക്കൊണ്ട തീരുമാനവും അതായിരുന്നല്ലോ. ഇപ്പോൾ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനത്തിന് മണൽ വാരാൻ നൽകിയ അനുമതി അവർ ഒരു സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകിയതാണ് ആരോപണമുയരാൻ കാരണമായത്. പൊതുമേഖലാ സ്ഥാപനത്തെ മറയാക്കി സ്വകാര്യ കമ്പനി വിപണിയിൽ വലിയ വിലയുള്ള മണൽ അമിത വിലയ്ക്ക് വിറ്റ് വൻ ലാഭമുണ്ടാക്കുമെന്ന കാര്യം തർക്കമറ്റതാണ്. ഇതിന് സർക്കാർ അവസരം നൽകരുതായിരുന്നു. മണലിന് നാട്ടിൽ ആവശ്യക്കാർ അനവധിയാണ്. ന്യായ വിലയ്ക്ക് ലഭ്യമാക്കിയാൽ വാങ്ങാൻ സ്ഥാപനങ്ങളും വ്യക്തികളും ക്യൂ നിൽക്കും. പമ്പാതീരത്തു വാരിക്കൂട്ടിയിട്ടിരിക്കുന്ന മണലിൽ എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളുമൊക്കെയുള്ളതുകൊണ്ട് അതിന് ആവശ്യക്കാരില്ലെന്നു കരുതിയാണ് രണ്ടുവർഷം മുൻപ് വില്പന നടക്കാതെ പോയതത്രെ. എന്നാൽ തുടർ നടപടികളൊന്നും പിന്നീട് ഉണ്ടാകാതിരുന്നതിനാലാണ് മണൽ ശേഖരം അങ്ങനെ തന്നെ അവിടെ കിടന്നുപോയത്. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തിലേറെ ഘനമീറ്റർ മണൽ ശേഖരത്തിൽ നിർമ്മാണാവശ്യത്തിനു പറ്റിയ മണൽ പകുതിയെങ്കിലും വേർതിരിച്ചെടുക്കാനാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാലേകൂട്ടി ടെണ്ടർ വിളിച്ച് ഇതൊക്കെ ചെയ്യാമായിരുന്നതാണ്. അതു ചെയ്യാതെ ഇപ്പോൾ തിടുക്കപ്പെട്ട് ഉന്നത ഉദ്യോഗസ്ഥ സംഘം ഹെലികോപ്റ്ററിൽ പറന്നുചെന്ന് പമ്പാതീരത്തെ മണൽ ശേഖരം കണ്ട് അതു നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയതിനു പിന്നിലെ തിടുക്കവും സുതാര്യതയില്ലായ്മയുമാണ് പ്രശ്നമായത്. മേയ് 30-നു സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ചേർന്ന് നടത്തിയ പമ്പാ സന്ദർശനത്തിൽ ദുരുഹത കാണുന്ന പ്രതിപക്ഷത്തിന് അതിനു അവസരമുണ്ടാക്കിയതും അവർ തന്നെയാണ്. ഇതിനിടെ മണൽ നീക്ക പ്രശ്നത്തിൽ വനം വകുപ്പിന്റെ ഇടപെടലും വനം മന്ത്രിയുടെ തീരുമാനം തിരുത്തി മുഖ്യമന്ത്രി കൈക്കൊണ്ട നിലപാടുമൊക്കെ പ്രശ്നം കൂടുതൽ സങ്കീർണമാക്കാനേ സഹായിച്ചിട്ടുള്ളൂ. ഏതായാലും വിവാദം കനത്തതോടെ മണൽ കൊണ്ടുപോകുന്ന പ്രവൃത്തി ഏറ്റെടുത്ത കമ്പനി അതു നിറുത്തിവച്ചിരിക്കുകയാണ്.
പമ്പാ മണലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഈ നിലയിൽ തുടരുന്നതുകൊണ്ട് സർക്കാരിനോ നാടിനോ ഒരു ഗുണവുമില്ലെന്നു മനസിലാക്കണം. പമ്പാ നദി ഒഴുക്കിക്കൊണ്ടുവന്ന ഈ പ്രകൃതി സമ്പത്ത് ഖജനാവിന് പരമാവധി പ്രയോജനപ്പെടുത്താനുള്ള അടിയന്തര നടപടിയാണ് ഇപ്പോഴത്തെ ആവശ്യം. അതിനുള്ള ഏറ്റവും നല്ല മാർഗം സുതാര്യമായ കരാർ വഴി മണലിന് ആവശ്യക്കാരെ കണ്ടെത്തുക എന്നതാണ്. കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുകയും പമ്പ കരകവിയുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്താൽ ഇക്കുറിയും മണൽ ശേഖരണത്തിൽ കുറെഭാഗം വീണ്ടും നദിയിലാവും. വെള്ളമിറങ്ങുമ്പോൾ അതു വാരി മാറ്റാൻ കോടികൾ വേണ്ടിവരും.