മലപ്പുറം: ഓൺലൈൻ പഠനസൗകര്യമില്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ നിർണായ തെളിവായി നോട്ടുബുക്ക്. മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെടുത്തു. ഇംഗ്ളീഷിലായിരുന്നു കുറിപ്പ്.
തിരൂർ ഡി.വൈ.എസ്.പി പി. കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ അന്വേഷണ സംഘമാണ് ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. ദേവികയുടെ രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സംഘം മൊഴിയെടുത്തു. ദേവികയുടെ മരണം സംബന്ധിച്ച് നേരത്തേ നൽകിയ മൊഴി മാതാപിതാക്കൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു.
ഓൺലൈൻ പഠന സൗകര്യമില്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്നും വേറെ കാരണമെന്നും ഇല്ലെന്നും മാതാപിതാക്കൾ മൊഴി നൽകി. നോട്ട്ബുക്കിൽ കണ്ടെടുത്ത കുറിപ്പിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. ദേവികയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്.