കണ്ണൂർ: പമ്പ ത്രിവേണിയിൽ നിന്ന് മണൽ ഉൾപ്പെടെ മാലിന്യം നീക്കം ചെയ്യുമ്പോൾ വനം വകുപ്പിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജൻ. ഇതിന് ദുരന്തനിവാരണ സമിതി അദ്ധ്യക്ഷനായ കളക്ടറുടെ ഉത്തരവ് മതി. മണൽ വിൽക്കാനുള്ള അധികാരം ക്ലേസ് ആന്‍റ് സെറാമിക്സ് പ്രൊഡക്ട്സിന് നൽകിയിട്ടില്ല. വിൽക്കാൻ അധികാരമില്ലെങ്കിൽ മാലിന്യം നീക്കില്ലെന്ന ചെയർമാൻ ടി.കെ ഗോവിന്ദന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും മണൽ വിൽക്കുന്ന കാര്യം സർക്കാർ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം പമ്പയിലെ നിന്ന് മണൽ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണൽ വിശദീകരണം തേടിയിട്ടുണ്ട്. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം മണൽ നീക്കം ചെയ്യാൻ ഉത്തവിട്ടെന്ന് ഹരിത ട്രബ്യൂണൽ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണം. മണൽ നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് നൽകാൻ പ്രത്യേക സമിതിയെ ഹരിത ട്രിബ്യൂണൽ നിയോഗിച്ചു.