ബീജിംഗ് : ഒരു കോടി ജനങ്ങളിൽ നടത്തിയ പരിശോധനയിൽ വെറും 300 പേർക്ക് മാത്രം കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈന. കൊവിഡ് 19ന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ നടത്തിയ ശക്തമായ പരിശോധനയുടെ റിപ്പോർട്ടാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം വരവ് തടയാനായാണ് വുഹാനിൽ വ്യാപക കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചത്. ആകെ 99 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇതിൽ 300 പേരിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞതായും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം, ഇപ്പോൾ കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്ന ആർക്കും പുറമേ രോഗലക്ഷണങ്ങൾ ഇല്ല. അതു പോലെ തന്നെ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവരെ ചൈന കൊവിഡ് രോഗികളായി കണക്കാക്കുന്നതുമില്ല.
അതുകൊണ്ട് പുതിയ കൊവിഡ് 19 കേസുകളില്ലെന്നും രോഗം നിയന്ത്രണാവിധേയമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ 300 പേരിൽ നിന്നും ആരിലേക്കും രോഗം പകർന്നിട്ടില്ലെന്നും ഇവർ ഉപയോഗിച്ചിരുന്ന മാസ്ക്, ഫോൺ തുടങ്ങിയ വസ്തുക്കളിലോ കരസ്പർശമേറ്റവയിലോ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസമാണ് പുതിയ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് വുഹാൻ നഗരത്തിൽ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. ഏകദേശം 126 ദശലക്ഷം ഡോളറാണ് പരിശോധനകൾക്ക് ചെലവായത്. 83,022 പേർക്കാണ് ചൈനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 4,634 പേരാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗം രോഗികളും മരണവും വുഹാൻ നഗരത്തിൽ നിന്നാണ്.