om

ന്യൂഡൽഹി: ബംഗാളിൽ വൻ നാശം വിതച്ച ഉംപൂൺ ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്താൻ കേന്ദ്ര സംഘം ബംഗാളിലെത്തി. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അനുജ് ശർമ്മയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് സംഘത്തിലുള്ളത്. മേയ് 20നാണ് ബംഗാളിലെ സുന്ദർബൻസ് അടക്കമുള്ള മേഖലകളിൽ ഉംപൂൺ ആഞ്ഞടിച്ചത്.

ചുഴലിക്കാറ്റടിച്ച് നാശം വിതച്ചപ്പോൾ ബംഗാൾ സന്ദർശിച്ച പ്രധാന മന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് നൽകിയ ഉറപ്പിൻെറ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം നാശനഷ്ടങ്ങളുടെ കണക്കെടുക്കാനെത്തിയത്.

സംഘം നാളെ പ്രശ്നബാധിത മേഖലകൾ സന്ദർശിക്കും. കനത്ത നാശം ഉണ്ടായ കൊൽക്കത്ത നഗരത്തിലും സന്ദർശനം നടത്തും. മോദിയുടെ സന്ദർശനവേളയിൽ അടിയന്തിരമായി 1000 കോടി രൂപയുടെ സഹായം അനുവദിച്ചിരുന്നു. സംഘം നൽകുന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കൂടുതൽ തുക അനുവദിക്കും.