vvvvv

ആറ്റിങ്ങൽ: പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനില്പിനുതന്നെ ഭീഷണിയാകുമെന്ന് മനസിലാക്കുമ്പോഴാണ് നമ്മൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. പ്രകൃതിയെ സ്‌നേഹിക്കാതെ മനുഷ്യരാശിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയമാണിത്. അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനുള്ള മാതൃകയാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ മുന്നോട്ടുവയ്‌ക്കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ഇവിടെ. സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വർദ്ധിക്കുന്ന കാലത്ത് കരുതലിന്റെ കു‌ഞ്ഞുകരങ്ങളുമായി ഈ ഹരിതവിദ്യാലയം ശ്രദ്ധേയമാകുകയാണ്.

*പ്രകൃതി സ്‌നേഹം നിറഞ്ഞ നവമുകുളങ്ങൾ
എസ്.പി.സി യൂണിറ്റ് ആരംഭിച്ചതുമുതൽ പരിസ്ഥിതി സംരക്ഷണം മുൻനിറുത്തിയുള്ള നിരവധി പ്രവ‌ർത്തനങ്ങളാണ് അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ നടക്കുന്നത്. രണ്ടു വർഷം മുമ്പ് വനംവകുപ്പിന്റെ സഹകരണത്തോടെ വാമനപുരം നദീതട സംരക്ഷണത്തിനായി നടപ്പാക്കിയ മുളത്തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് ഇതിൽ ശ്രദ്ധേയം. സ്‌കൂളിനു സമീപത്തുള്ള അയിലം കടവിലും മുള്ളിയൻകടവിലും 500 മുളത്തൈകൾ നട്ടുപിടിപ്പിച്ച് നദീതീരം സംരക്ഷിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്. ഇവ മുളങ്കാട് ആയതോടെ കുട്ടിപ്പൊലീസുകാരുടെ സന്തോഷവും ഇരട്ടിക്കുകയാണ്. തദ്ദേശവാസികളുടെ സഹായവും പദ്ധതിയുടെ വിജയത്തിന് മറ്റൊരു കാരണമായി.