കോവളം: അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി മടങ്ങിയതോടെ വ്യവസായ,നിർമ്മാണ മേഖലകൾ കടുത്ത പ്രതിസന്ധിയിലായി. വിഴിഞ്ഞം,കോവളം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളും കൂട്ടമായി നാട്ടിലേക്ക് മടങ്ങുകയാണ്. ലോക്ക് ഡൗണോടെ തൊഴിലിടങ്ങൾ ഒഴിഞ്ഞതും വരുമാനം നിലച്ചതും ആവശ്യത്തിന് പണവും ഭക്ഷണവും ലഭിക്കാതായതും മടക്കത്തിന് കാരണമായി. ഏഴ് വർഷം കൊണ്ടാണ് ഇവർ കേരളത്തിന്റെ തൊഴിലിടങ്ങളിൽ സ്ഥാനം നേടിയത്. തൊഴിലാളികളെ തൊഴിലുടമകൾക്ക് എത്തിച്ച് നൽകുന്ന ഏജന്റുമാരും ഇവർക്കിടയിൽ തന്നെയുണ്ട്. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ ലേബർ ക്യാമ്പുകളിലായി കഴിഞ്ഞിരുന്നത്. ഇതുവരെ വിഴിഞ്ഞം കോവളം മേഖലകളിൽ നിന്ന് 2475 അന്യസംസ്ഥാന തൊഴിലാളികളാണ് നാടുകളിലേക്ക് മടങ്ങിയത്. നാടുകളിലേക്ക് തിരികെ പോകാനായി ഇനിയും ധാരാളം തൊഴിലാളികളും ഇവിടെ അവശേഷിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധിക്ക് ശേഷം കേരളത്തിലേക്ക് തിരികെയെത്തുന്നവർക്ക് സംസ്ഥാനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പി.സി.സി സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.
ജില്ലയിലെ പ്രധാന ക്യാമ്പുകൾ
നെല്ലിക്കുന്ന്
മുക്കോല
പുളിങ്കുടി
മുല്ലൂർ
വട്ടവിള
പയറുമൂട്
ശാന്തിപുരം
ഉച്ചക്കട
പയറ്റുവിള
കിടാരക്കുഴി
കല്ലുവെട്ടാൻകുഴി
തലയ്‌ക്കോട്
കോളിയൂർ
പൂങ്കുളം
സംസ്ഥാന സർക്കാർ ടിക്കറ്റ് ചാർജ് ഈടാക്കിയാണ് തൊഴിലാളികളെ നാട്ടിലെത്തിച്ചത്. ഒഡിഷയിലേക്ക് 675 രൂപയും ബീഹാറിലേക്ക് 970 രൂപയുമാണ് സ്ലീപ്പർ ടിക്കറ്റ് ചാർജ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷയോടെയാണ് ട്രെയിനുകൾ യാത്രയായത്. രണ്ട് പേർക്ക് മാത്രമാണ് ഒരു ബർത്തിൽ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. ടെയിനിനുള്ളിലെ സുരക്ഷ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തി. ജില്ലാ ഭരണകൂടം തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ബസുകൾ ഒരുക്കിയിരുന്നു.
സംസ്ഥാനത്തെ 4,603 ക്യാമ്പുകളിലായുള്ളത് 1,44,145 അന്യസംസ്ഥാന തൊഴിലാളികൾ
കണക്കുകൾ ശതമാനാടിസ്ഥാനത്തിൽ
പശ്ചിമ ബംഗാൾ 40%
അസാം 22%
തമിഴ്നാട് 20%
ഒഡിഷ 8%
മറ്റ് സംസ്ഥാനങ്ങൾ 8%
വിഴിഞ്ഞം, കോവളം ഭാഗത്തു നിന്ന് നാട്ടിലേക്ക് പോയവർ
ജാർഖണ്ഡ് 1,514
ബീഹാർ 93
വെസ്റ്റ് ബംഗാൾ 626
ജമ്മു കാശ്മീർ 208
ഉത്തർപ്രദേശ് 22
ഒറീസ 12
കമന്റ്: സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം മേഖലയിൽ നിന്ന് കൂടുതൽ അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മടങ്ങിവരുന്ന തൊഴിലാളികൾക്ക് പി.സി.സി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും.
-എസ്.ബി.പ്രവീൺ, വിഴിഞ്ഞം എസ്.എച്ച്.ഒ