maize-

ബെൽമോപാൻ : മനുഷ്യന്റെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് ചോളം. എന്ന് മുതലാണ് മനുഷ്യർ ചോളം ഉപയോഗിച്ച് തുടങ്ങിയത്. ? കൃത്യമായ പറയാൻ ഇന്നും കഴി‌ഞ്ഞിട്ടില്ല. എന്നാൽ 4,700 വർഷങ്ങൾക്ക് മുമ്പ് തന്നെ പുരാതന മനുഷ്യരുടെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നായിരുന്നു ചോളം. മദ്ധ്യ അമേരിക്കൻ മലനിരകളിൽ നിന്നും അടുത്തിടെ കണ്ടെത്തിയ പുരാതന മനുഷ്യരുടെ അസ്ഥികളിൽ നിന്നാണ് ചോളം മനുഷ്യന്റെ പ്രധാന ആഹാരമായി മാറിയതിനെ പറ്റി പുതിയ കണ്ടെത്തലുകൾക്ക് വഴിതെളിച്ചിരിക്കുന്നത്. മദ്ധ്യ അമേരിക്കൻ രാജ്യമായ ബെലീസിലെ മായാ പർവതനിരകളിൽ നിന്നും കണ്ടെത്തിയത് 44 ആദിമ മനുഷ്യരുടെ അസ്ഥികൂടങ്ങളാണ്.

അസ്ഥികളിലെ കാർബൺ, നൈട്രജൻ ലെവലുകളിൽ നടത്തിയ പഠനങ്ങളിലാണ് ചോളം,​ ബെറികൾ എന്നിവ മനുഷ്യന്റെ പൂർവികരായ ഇവർ ഭക്ഷിച്ചിരുന്നു എന്ന് കണ്ടെത്തിയത്. ഏകദേശം 4,700 വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യരാണ് ഇവർ. ചോളമുൾപ്പെടെയുള്ള ധാന്യവിളകൾ എന്ന് മുതലാണ് മനുഷ്യൻ ആഹാരമാക്കാൻ തുടങ്ങിയതെന്ന് ഇന്നും പരിമിതമായ അറിവാണുള്ളത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 4,700 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യൻ ചോളം ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവാണ് ലഭിക്കുന്നത്. മാത്രവുമല്ല, മനുഷ്യന്റെ ഭക്ഷണ രീതിയുടെ ഉത്ഭവങ്ങളെ പറ്റി കൂടുതൽ പഠനങ്ങളും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

മെക്സിക്കോയാണ് ചോളത്തിന്റെ ജന്മദേശമെന്നാണ് കരുതുന്നത്. 6,500 വർഷങ്ങൾക്ക് മുമ്പ് മായാ പർവത നിരയുടെ താഴ്ന്ന പ്രദേശങ്ങളിൽ ചോളം വളർന്നിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പണ്ട് മൃതദേഹങ്ങൾ മറവ് ചെയ്യാൻ മനുഷ്യർ തിരഞ്ഞെടുത്തിരുന്ന ഒരു ശ്മശാനമാണ് ബെലീസിൽ കണ്ടെത്തിയിരിക്കുന്നതെന്നാണ് നിഗമനം.