കൊച്ചി: കൊച്ചിയുടെ ശ്വാസകോശത്തിന് വിശ്രമമാണ്. കാലങ്ങൾക്ക് ശേഷം സന്ദർശകരില്ലാത്ത കൊച്ചി നഗരത്തിന് നടുവിലെ മംഗളവനത്തിൽ ദേശാടനപക്ഷികളും ചിത്രശലഭങ്ങളും പാറി പറക്കുന്നു. കൂട്ടത്തിൽ സ്വസ്ഥതയോടെ ചിലന്തികളുൾപ്പെടെ മറ്റു ജീവികളും. വികസന ജീവിതത്തിന്റെ നടുവിൽ ജീവനും മണവുമുള്ള സ്ഥലമാണ് ഹെെക്കോടതിക്ക് പിറകിലെ കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത വനമായ മംഗളവനം. ലോക്ക്‌ഡൗണിൽ ആളുകൾക്ക് പ്രവേശനമില്ലാതായെങ്കിലും ഇവിടുത്തെ ചരാചരങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല.

പ്രത്യേകത

വിരുന്നുകാരും വീട്ടുകാരുമായി അനേകം പക്ഷികളുണ്ട് ഇവിടെ. 0.0274 ചതുരശ്ര കീലോമീറ്റർ വിസ്തൃതിയിൽ 72 ഇനം പക്ഷികളും 17 തരം ചിത്രശലഭങ്ങളും 51 തരം ചിലന്തികളും.

നഗരമദ്ധ്യത്തിൽ കണ്ടൽകാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതത്തിൽ നാട്ടുമരങ്ങൾക്ക് പുറമെ മറുനാടൻ മരങ്ങളും ഉണ്ട്. കണ്ടൽക്കാടുകളും മരങ്ങളും വള്ളിച്ചെടികളും ജലാശയങ്ങളും സമന്വയിക്കുന്ന ഹരിതവനം കൂടിയാണ് മംഗളവനം.

''ചാരമുണ്ടി, കുളക്കോഴി, പരുന്ത്, വെള്ളിമൂങ്ങ, നീർകാക്ക, പാതിരാകൊക്ക് പക്ഷികളും തുമ്പികളും വവ്വാലുകളും ഞണ്ടുകളും മീനുകളും എല്ലാം കൊണ്ടും സമൃദ്ധമാണ് പക്ഷിസങ്കേതം. കൊവിഡ് അവധിക്കാലത്ത് ഇവയുടെ എണ്ണത്തിൽ വർദ്ധവുണ്ട്. അവയുടെ വിവരങ്ങൾ വനം വകുപ്പ് അധികൃതർ എടുത്തു വരികയാണ്''.

അനീഷ സിദ്ധിഖ്

ഫോറസ്റ്റ് റേഞ്ച് ഓഫീസർ

പ്രവേശനമില്ല

വനം വകുപ്പിന് കീഴിലുള്ള നഗരവനത്തിന് ഇതുവരെ അവധിയുണ്ടായിരുന്നില്ല. എല്ലാം ദിവസവും രാവിലെ 9.30 മുതൽ 5.30 വരെ പ്രവേശനം സൗജന്യമായിരുന്നു. ലോക്ക്ഡൗൺ കാലത്ത് മംഗളവനം അടച്ചിട്ടു. എന്ന് തുറക്കുമെന്ന് തീരുമാനി​ച്ചി​ട്ടി​ല്ല.