വർക്കല: ടി.എസ് കനാലിനോട് ചേർന്നുള്ള തീരദേശ പാത ഇടിഞ്ഞു തകർന്നു. റാത്തിക്കൽ മുസ്ലിം ജമാഅത്തിന് മുന്നിലാണ് ഏകദേശം 20 മീറ്ററോളം ഭാഗത്തെ മണ്ണ് ഇടിഞ്ഞു വീണത്. റോഡിൽ നിന്ന വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് വീണു. റോഡിന്റെ പലഭാഗങ്ങളിലും വിള്ളലുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റോഡ് ഇടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റാത്തിക്കൽ ജംഗ്ഷനിൽ തൊട്ടി പാലത്തിനു സമീപം ടി.എസ് കനാലിനോട് ചേർന്നുള്ള ഭാഗത്ത് പാർശ്വ ഭിത്തി ഇടിഞ്ഞു വീണിരുന്നു. കനത്ത മഴ തുടർന്നാൽ റോഡിന്റെ നല്ലൊരുഭാഗം കനാലിലേക്ക് ഇടിയും എന്നാണ് പ്രദേശവാസികളുടെ ആശങ്ക. അരിവാളം മുതൽ താഴെ വെട്ടൂർ നടപ്പാലം വരെ ഇരുകരകളിലും സംരക്ഷണ ഭിത്തി അനിവാര്യമാണെന്ന് വി. ജോയ് എം.എൽ.എ പറഞ്ഞു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് എം.എൽ.എ ആവശ്യപ്പെട്ടു. റോഡ് തകർന്നതിനെ തുടർന്ന് വി. ജോയി എം.എൽ.എ, വർക്കല കഹാർ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസിംഹുസൈൻ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജലപാത നവീകരണത്തിന്റെ ഭാഗമായി വെട്ടൂർ മുതൽ ഒന്നാം പാലം വരെയുള്ള ഭാഗത്ത് മാസങ്ങളായി കനാലിനെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനിടയിലാണ് റോഡിന് തകർച്ച ഉണ്ടാകുന്നത്.