കല്ലമ്പലം: ദേശീയപാതയിൽ കടമ്പാട്ടുകോണം ഇരുപത്തെട്ടാം മൈലിന് സമീപം ട്രാൻസ്‌ഫോർമറിന്റെ പ്രധാന പോസ്റ്റിന് മുകളിലൂടെ മരം കടപുഴകി വീണ് വൈദ്യുതി നിലച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് സമീപവാസിയായ ഗിരീഷ് പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ കെ.എസ്.ഇ.ബിയെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അപകടകരമാംവിധം പോസ്റ്റിന് മുകളിൽ കിടന്ന ശിഖരങ്ങൾ ഫയർ ഫോഴ്സ് മുറിച്ചുമാറ്റുകയും ചെയ്തു. പുലർച്ചെയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.