pic

കൊല്ലം: ഉത്ര കൊലപാതകക്കേസിൽ ഭര്‍ത്താവ് സൂരജിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ സൂരജിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. നാല് ദിവസത്തേക്കാണ് വീണ്ടും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.

കേസുമായി ബന്ധപ്പെട്ട് ബാങ്ക് ലോക്കർ പരിശോധന പൊലീസ് പൂർത്തിയാക്കി. പത്ത് പവൻ ലോക്കറിൽ നിന്ന് കണ്ടെത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതി സൂരജിനെയും ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തിയ കൊലപാതകത്തിൽ നിർണായക തെളിവായ ആഭരണങ്ങൾ ഉണ്ടോ എന്നറിയാനാണ് ലോക്കർ തുറന്ന് പരിശോധന നടത്തിയത്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നിലപാട് അംഗീകരിച്ചാണ് സൂരജിനെ കസ്റ്റഡിയിൽ വിട്ട കോടതിയുടെ ഉത്തരവ്. സൂരജിന്‍റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിൽ കുടുംബാംഗങ്ങൾക്കുള്ള പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണിത്.