മതപരിവർത്തന നീക്കം തടഞ്ഞിട്ട് ഇടവം 24ന് 101 വർഷംഗുരുദേവൻ 'ഇന്നൊരു സുദിനം തന്നെ" എന്ന് വിശേഷിപ്പിച്ച ഇടവം 24 ഇന്നാണ്.ഇതൊരു പദ്യമാക്കി ആലുവ അദ്വൈതാശ്രമത്തിൽ സൂക്ഷിക്കണമെന്ന് കല്പിച്ച സംഭവം നടന്നിട്ട് 101 വർഷം തികയുന്ന ദിനം. സമുദായ ചരിത്രത്തിൽ ഇതൊരു സുപ്രധാന ഘട്ടമെന്നാണ് ഗുരു അരുളിയത്.
മദ്ധ്യതിരുവിതാംകൂറിലെ തിരുവല്ല താലൂക്കിലും പരിസര പ്രദേശങ്ങളിലുമായി പിച്ചനാട്ടുകുറുപ്പന്മാർ എന്നറിയപ്പെട്ടിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു. വൈദ്യവൃത്തിയായിരുന്നു മുഖ്യതൊഴിൽ. തീണ്ടപ്പാടുള്ള വിഭാഗമാണെങ്കിലും നായർ ഭവനങ്ങളിലും മറ്റു ഇൗഴവർക്കുള്ളത്രയും തീണ്ടപ്പാടുണ്ടായിരുന്നില്ല. ഇവരുടെയാകെ ഭവനങ്ങളുടെ എണ്ണം നൂറിൽ താഴെയും. സ്വജനങ്ങളുടെ എണ്ണക്കുറവിൽ ദുഃഖിതനായ ഇവരുടെ നേതാവ് ജി. കൃഷ്ണൻവൈദ്യർ (പൂവ്വത്തൂർ ഗോവിന്ദനാശാന്റെ മകൻ) സഹിതം കുറുപ്പന്മാർ സകുടുംബം ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിച്ചു. ഇൗ വിവരം പ്രഗത്ഭനായ സരസകവി മൂലൂർ പത്മനാഭപ്പണിക്കരെ അറിയിച്ചു. വിശ്വാസം തോന്നീട്ടല്ല. സ്വജന ലോപത്താൽ മാത്രമാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ ഇൗഴവരാകുന്നത് നിങ്ങൾക്ക് സമ്മതമാണോയെന്ന് മൂലൂർ വൈദ്യരോട് ചോദിച്ചു. അത് സാദ്ധ്യമല്ലല്ലോയെന്നാണ് നിരാശനായി വൈദ്യർ മറുപടി പറഞ്ഞത്. എന്നാൽ സുസാദ്ധ്യമാകാമെന്നും നാരായണഗുരുവിന്റെ അദ്ധ്യക്ഷതയിൽ ഇക്കാര്യം നിഷ്‌പ്രയാസം സാധിക്കാമെന്നും അതുവരെ മതം മാറ്റപ്രവർത്തനം ചെയ്യരുതെന്നും മൂലൂർ നിർദ്ദേശിച്ചു. ഇതുകേട്ട കൃഷ്ണൻ വൈദ്യർ വളരെ സന്തുഷ്ടനായി. മൂലൂർ ഇൗ വിവരം യഥാസമയം സ്വാമി തൃപ്പാദങ്ങളോടുണർത്തിച്ചു. ഗുരുദേവൻ അത്യന്തം ആഹ്‌ളാദപരതന്ത്രനായി. നാം ഉടനെ തിരുവല്ലയിൽ വരാമെന്നും കല്പിച്ചു.
1094 ഇടവം 21ന് സ്വാമികളും സംഘവും ചെങ്ങന്നൂരിലെത്തി. മൂലൂരുമൊന്നിച്ച് തിരുവല്ലായ്ക്ക് പുറപ്പെട്ടു. അന്ന് യാദൃച്ഛികമായി പമ്പയാറ്റിൽ വെള്ളം പൊങ്ങിയതുമൂലം ലക്ഷ്യസ്ഥാനത്തെത്താനായില്ല. മഴുക്കീർ എന്ന സ്ഥലത്തെ കോരക്കേരിൽ ഭവനത്തിൽ സ്വാമികളും ശിഷ്യന്മാരും വിശ്രമിച്ചു. 23-ാം തീയതി കവിയൂർക്കാരായ സ്വജനങ്ങൾ, മെത്രാപൊലീത്ത ഉപയോഗിക്കുന്ന മേനാവ് കൊണ്ടുവന്നു. റോഡ് വിട്ട് രണ്ടുമൈൽ ദൂരം വണ്ടി പോകാത്ത ദുർഘടമാർഗമായതിനാലാണ് പല്ലക്കുകൊണ്ടുവന്നത്. ഇടവം 24-ാം തീയതി പിച്ചനാട്ടു കുറുപ്പന്മാരായ കൃഷ്ണൻ വൈദ്യരും ചാർച്ചക്കാരും കോട്ടൂർ ഭവനത്തിലേക്ക് ക്ഷണിച്ചു. ഇൗഴവ പ്രമാണിമാരെല്ലാം അന്നവിടെ സന്നിഹിതരായിരുന്നു. സ്വാമികളുടെ കല്പനയനുസരിച്ച് നായർ പ്രമാണികളിൽ ചിലരെയും ക്രൈസ്തവ പ്രമുഖരെയും അവിടെ ക്ഷണിച്ചുവരുത്തി. ഗുരുദേവന്റെ മഹനീയ അദ്ധ്യക്ഷതയിൽതന്നെ ഒരുയോഗം കൂടി. പെരുഞ്ഞേലി നാരായണപ്പണിക്കർ, സരസകവി മൂലൂർ ഉൾപ്പെടെയുള്ള പ്രമുഖർ പ്രകൃത വിഷയത്തെ പുരസ്കരിച്ചുസംസാരിച്ചു. യോഗാനന്തരം സ്വാമി തൃപ്പാദങ്ങൾ കൃഷ്ണൻ വൈദ്യരെ അരികിൽ വിളിച്ച് 'ഇന്നുമുതൽ നിങ്ങളുടെ കുറുപ്പ് എന്ന വ്യക്തിപോയിരിക്കുന്നു. ഇവരും നിങ്ങളും സ്വജനങ്ങളായി ഇരുന്നുകൊള്ളണം. നിങ്ങൾക്ക് ക്ഷേമമുണ്ടാകും" എന്നിങ്ങനെ അനുഗ്രഹിച്ചു. അതിനുശേഷം ഗുരു മൂലൂരിനോട് ഇങ്ങനെ കല്പിച്ചു. 'ഇന്നൊരു സുദിനം തന്നെ, ആശാനില്ലാത്ത ധൈര്യം നിങ്ങൾക്കെങ്ങനെ കിട്ടി? സമുദായ ചരിത്രത്തിൽ ഇതൊരു സുപ്രധാന ഘട്ടമത്രേ: ഇത് പദ്യമാക്കണം. ആ റെക്കാഡു ആലുവ അദ്വൈതാശ്രമത്തിൽ സൂക്ഷിക്കണം.
കുറേ വർഷങ്ങൾക്കുശേഷം കൃഷ്ണൻ വൈദ്യർ പൂവത്തൂരിലുള്ള വസതിവിട്ട് ചങ്ങനാശേരി ടൗണിൽ വൈദ്യശാല സ്ഥാപിച്ചു. വാഴപ്പള്ളിൽ സ്ഥിരതാമസവും തുടങ്ങി. ഇൗ ഘട്ടത്തിൽ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ ഒരു ഇൗഴവ മെമ്പറെ എടുക്കാനുള്ള വിജ്ഞാപനമായി. ആ സ്ഥാനത്തിനർഹൻ എന്ന പൊതുജനാഭിപ്രായത്തെ മാനിച്ച് സ്ഥലം തഹസിൽദാർ, കൃഷ്ണൻ വൈദ്യന്റെ പേര് ഹജൂരിലേക്ക് എഴുതിയയച്ചു. ഇതറിഞ്ഞ് ചങ്ങനാശേരിയിലെ യാഥാസ്ഥിതികരായ ഇൗഴവരിൽ ചിലർ ക്ഷോഭിച്ച് ഹജൂരിലെത്തി വക്കീൽ മുഖേന വാദിക്കാനും തുടങ്ങി. കൃഷ്ണൻവൈദ്യൻ കണിക്കുറുപ്പാണെന്നും ഇൗഴവനല്ലെന്നുമായിരുന്നു മുഖ്യവാദഗതി. ഉള്ളൂർ എസ്. പരമേശ്വരയ്യരാണ് ഹജൂർ സെക്രട്ടറി. ആ മാന്യദേഹം ഇക്കാര്യത്തിൽ മൂലൂരിനോടഭിപ്രായം ചോദിച്ചു. ഭൂതവൃത്താന്തങ്ങളെല്ലാം മൂലൂർ ഉള്ളൂരിനെ ധരിപ്പിച്ചു. നാരായണഗുരുവിന്റെ ഒരു സർട്ടിഫിക്കറ്റ് കൃഷ്ണൻ വൈദ്യർ ഹാജരാക്കണമെന്ന നിർദ്ദേശമുണ്ടായി.
അന്ന് മൂലൂരിന്റെ മകൻ ഗംഗാധരൻ ആലുവാ അദ്വൈതാശ്രമത്തിൽ സംസ്കൃതം പഠിക്കുകയാണ്. മകന് ഇക്കാര്യങ്ങൾ കാണിച്ചു എഴുതിയ കത്തുമായി വൈദ്യരെ ആലുവായിലേക്കയച്ചു. മൂലൂരിന്റെ മകൻ സംഗതി ഗുരുവിനോടുണർത്തിച്ചു. തൃപ്പാദങ്ങൾ സസന്തോഷം സർട്ടിഫിക്കറ്റ് എഴുതിക്കൊടുത്തു. അത് ഇങ്ങനെ 'ഇൗ കൃഷ്ണൻ വൈദ്യൻ ഒരു പരിശുദ്ധനായ ഇൗഴവനാണ്." പരിശുദ്ധനായ ഇൗഴവൻ എന്നുപറഞ്ഞാൽ ചെത്താത്ത ഇൗഴവൻ എന്നർത്ഥം. എന്നുകൂടി സ്വാമികൾ കല്പിച്ചതായി. മൂർക്കോത്തുകുമാരൻ, അദ്ദേഹമെഴുതിയ ഗുരുവിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കൃഷ്ണൻ വൈദ്യൻ ചങ്ങനാശേരി മുനിസിപ്പൽ കൗൺസിലറായത്. അത് രണ്ടുതവണ തുടരുകയും ചെയ്തു.
(ലേഖകന്റെഫോൺ: 8281310232)