വെള്ളറട: മലയോരത്തെ റബർ കർഷകരുടെ ദുരിതത്തിന് ശമനമില്ല. പ്രധാന റബർ ഉത്പാദന മേഖലകളിൽ ടാപ്പിംഗ് നടന്നിട്ട് മാസങ്ങളേറെയായി. ലോക്ക് ഡൗണിലും ടാപ്പിംഗ് നടന്നിട്ടില്ല. ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചിട്ടും പുലർച്ചെ പെയ്യുന്ന മഴ കാരണം ടാപ്പിംഗ് മുടങ്ങുന്നതും കർഷകന് തിരിച്ചടിയാണ്. റബറിന്റെ വിലയിടിവ് കാരണം കർഷകർ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ ടാപ്പിംഗ് മുടങ്ങുന്നതിലൂടെ കർഷകർ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. ഉത്പാദന ചെലവിന് ആനുപാതികമായുള്ള വിലപോലും റബർ കൃഷിയിലൂടെ കർഷകന് ലഭിക്കുന്നില്ല. ഇതിനാൽ പല കർഷകരും മരങ്ങൾ ടാപ്പിംഗ് ചെയ്യാതെ ഇട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിലാളികൾക്ക് കൂലി നൽകി ടാപ്പിംഗ് ചെയ്യുന്നത് ആദായകരമല്ല. കർഷകർക്ക് പുറമെ ചെറുകിട റബർ കച്ചവടക്കാരും,​ ടാപ്പിംഗ് തൊഴിലാളികളും വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിപണിയിൽ ഇടയ്ക്കിക്കിടെ ഉണ്ടാകുന്ന വിലയിലെ വ്യതിയാനവും വൻകിട കച്ചവടക്കാരെയും കാര്യമായി ബാധിക്കുന്നുണ്ട്. ടൺ കണക്കിന് റബർ വാങ്ങി സ്റ്റേക്ക് ചെയ്യുന്നവർക്ക് വിലയിടിവ് കാരണം ലക്ഷങ്ങളാണ് നഷ്ടം വരുന്നത്. ഇതിനാൽ വിപണി വിലയിൽ നിന്നും കുറച്ചാണ് കച്ചവടക്കാർ കർഷകരിൽ നിന്നും റബർ വാങ്ങുന്നത്. പ്രദേശത്തെ പ്രധാന ഉത്പാദന കേന്ദ്രങ്ങളായ വെള്ളറട,​ അമ്പൂരി,​ പനച്ചമൂട് തുടങ്ങിയ പ്രദേശങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ റബർ സംഭരിക്കുന്നതിനുള്ള സ്ഥാപനങ്ങളോ സംവിധാനമോ നിലവിൽ ഇല്ലെന്നതും കർഷകരെ വലയ്ക്കുന്നുണ്ട്.

സർക്കാർ കർഷകരെ സഹായിക്കണം

മലയോരത്തെ പ്രധാന കൃഷിയായ റബർ ഇപ്പോൾ പലരും ഉപേക്ഷിച്ചു കഴിഞ്ഞു. ഉത്പാദന ചെലവിനനുസരിച്ചുള്ള ആദായം ലഭിക്കില്ലെന്ന് കണ്ടതോടു കൂടിയാണ് മറ്റു കൃഷികളിലേക്ക് തിരിഞ്ഞത്. എന്നാൽ വന്യജീവികളുടെ ശല്യംകാരണം ഒരു കൃഷിയും ചെയ്ത് ഉപജീവനം നടത്താൻ കഴിയാതെ കർഷകർ വലയുകയാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന റബർ സർക്കാർതന്നെ ന്യായവിലനൽകി വാങ്ങി ശേഖരിച്ച് റബർ അനിഷ്ടിത വ്യവസായങ്ങൾ സ്ഥാപിച്ചാൽ കർഷകർക്ക് ഒരു പരിധിവരെ ഗുണം ലഭിക്കുമായിരുന്നു. ഇതു വാങ്ങാൻ പോലും മൊത്തകച്ചവടക്കാരുടെ കൈയിൽ പണമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

റബർ ബോർഡ് റബർ ഷീറ്റിന് നൽകുന്ന വിപണി വില 120 രൂപ

 കച്ചവടക്കാർ കർഷകർക്ക് നൽകുന്ന വില

* റബർ ഷീറ്റിന് 105 മുതൽ 110 രൂപ വരെ

* ഒട്ടുപാലിന് 65 മുതൽ 75 രൂപ വരെ