ന്യൂഡൽഹി: ഡൽഹി എയിംസിൽ ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 480 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധ കണ്ടെത്തി. ഇവരിൽ 19 ഡോക്ടർമാരും 38 നഴ്സുമാരും ഉൾപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരിൽ രണ്ട് പേർ ഫാക്കൽറ്റി അംഗങ്ങളാണ്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 14 ലാബ് ടെക്നീഷൻ എന്നിവരിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
തൊഴിൽ രംഗത്ത് സുരക്ഷ ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നഴ്സസ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിലവാരമില്ലാത്ത പി.പി.ഇ കിറ്റുകളാണ് നൽകുന്നതെന്നാണ് ഇവരുടെ പരാതി. എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥരെ എല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു.
ആരോഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. ഇവരിൽ ശുചീകരണ തൊഴിലാളികളിലെ മുതിർന്ന ജീവനക്കാരനും ഉൾപ്പെട്ടിട്ടുണ്ട്. വൈറസ് ബാധിച്ച് മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിലെ അനാസ്ഥയാണ് രോഗബാധ ഗുരുതരമാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ ആരോപണം.