pk-kunjalikkutti

മലപ്പുറം: സ്ഫോടകവസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം പാലക്കാട് ജില്ലയിലായിട്ടും മലപ്പുറത്തെ പഴി പറയുന്നത് ശരിയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറും മേനക ഗാന്ധിയും കാര്യങ്ങള്‍ പഠിക്കാതെയും മലപ്പുറത്തെ മനസിലാക്കാതെയുമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

അതേസമയം പാലക്കാട് തിരുവിഴാംകുന്ന് പൈനാപ്പിളില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് ഗര്‍ഭിണിയായ പിടിയാന ചരിഞ്ഞ കേസില്‍ സ്വകാര്യ തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഉന്നത വനം ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊപ്പം പൊലീസും പ്രതികൾക്കായി വലവിരിച്ചു. ചിലരെ ചോദ്യം ചെയ്ത് വരികയാണ്. വനംജീവനക്കാർക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.

വെള്ളിയാർ പുഴയിൽ വച്ച് മേയ് 27 നാണ് കാട്ടാന ചരിഞ്ഞത്. ഇതിനു ആഴ്ചകൾക് മുമ്പേ നിലമ്പൂർ മുതലുള്ള തോട്ടങ്ങളിൽ ആനയെ കണ്ടവരുണ്ട്. പുഴയിൽ നിന്ന് ആനയെ കരയിലെത്തിച്ചു ചികിത്സ നൽകാൻ വൈകിയെന്നും പരാതിയുണ്ട്. എന്നാലിതിൽ വനം വകുപ്പിന് വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് വനം മന്ത്രി പറഞ്ഞു.