-cane-toads

ഫ്ലോറിഡ: അമേരിക്കയിലെ തെക്കൻ ഫ്ലോറിഡയിലുള്ളവർക്ക് തലവേദനയായി മാറിയിരിക്കുകയാണ് കെയ്ൻ റ്റോഡ് എന്നയിനം തവള. തുടർച്ചയായി പെയ്ത മഴയോടെയാണ് കെയ്ൻ റ്റോഡുകൾ കൂട്ടത്തോടെ പുറത്തെത്തിയിരിക്കുന്നത്. കഴി‌ഞ്ഞ വർഷവും മഴക്കാലത്ത് ഫ്ലോറിഡയിൽ കെയ്ൻ റ്റോഡുകൾ കൂട്ടത്തോടെ എത്തിയത് ഭീഷണി പരത്തിയിരുന്നു.

മൂന്നിഞ്ച് വരെ വലിപ്പമുള്ള കെയ്ൻ റ്റോഡുകൾ കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയാണ്. ഇരുണ്ട പുള്ളികളോട് കൂടിയ ചുവപ്പ് കലർന്ന തവിട്ട്, കടും തവിട്ട്, ചാരം തുടങ്ങിയ നിറങ്ങളാണ് ഇവയ്ക്ക്. 'ബഫോ റ്റോഡ്സ് ', എന്നീ പേരിലും ഇവ അറിയപ്പെടുന്നു. കെയ്ൻ റ്റോഡ്സുകളുടെ ചെവിയ്ക്ക് പിറകിൽ കാണപ്പെടുന്ന പാരോറ്റോയിഡ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിക്കുന്ന വിഷം വളർത്തു മൃഗങ്ങളുടെ ജീവൻ നഷ്‌ടമാകാൻ കാരണമാകും. മനുഷ്യരിൽ ത്വക്കിലും കണ്ണുകളിലും പൊള്ളലും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും. പെയ്ത മഴ പെയ്താൽ ഇവ പെറ്റുപെരുകുന്നത് സാധാരണയാണ്.

മദ്ധ്യ, തെക്കൻ അമേരിക്കൻ ഭൂഖണ്ഡ പ്രദേശങ്ങളിലാണ് കെയ്ൻ റ്റോഡുകൾ പ്രധാനമായും കാണപ്പെടുന്നത്. 1930കളിൽ ആദ്യമായി, കരിമ്പിൻ തോട്ടങ്ങളിൽ കാണപ്പെടുന്ന കീടങ്ങളെ തുരത്താനായാണ് കെയ്ൻ റ്റോഡുകളെ ഫ്ലോറിഡയിൽ എത്തിക്കുന്നത്. 1955ൽ ഇത്തരത്തിൽ വില്‌പനയ്ക്ക് കൊണ്ടുവന്ന കൂട്ടത്തിൽ നിന്നും നൂറുകണക്കിന് തവളകൾ ഇടനിലക്കാരന്റെ കൈയിൽ നിന്നും അബദ്ധത്താൽ സ്വതന്ത്രമാക്കപ്പെട്ടതാണ് ഇവ ഫ്ലോറിഡയിൽ നിലയുറപ്പിക്കാൻ കാരണമായതെന്ന് ഗവേഷകർ പറയുന്നു. ഫ്ലോറിഡയിലെ കാലാവസ്ഥയോട് ഇണങ്ങിയ ഇവ ചതുപ്പുനിലങ്ങളിൽ പെറ്റുപെരുകി.

ആവാസ വ്യവസ്ഥയിൽ ഇവയെ നിയന്ത്രിക്കത്തക്ക ജീവികൾ ഇല്ലാത്തതും ഇവയുടെ വർദ്ധനവിനിടയാക്കി. അടുത്തിടെ ഫ്ലോറിഡയിൽ കാണപ്പെട്ടിരുന്ന ഏഷ്യൻ പെരുമ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വ്യാപകമായി കൊന്നതാവാം ഇവയുടെ വർദ്ധനയ്ക്ക് ഇടയാക്കിയതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യർക്ക് ഇത്തവണ കെയ്ൻ റ്റോഡുകൾ ഉപദ്രവം അത്രയ്ക്ക് സൃഷ്ടിച്ചിട്ടില്ലെങ്കിലും വളർത്തു നായ, പൂച്ച തുടങ്ങിയവയ്ക്ക് ഭീഷണിയായിക്കഴിഞ്ഞു. തവളകളെ കടിക്കാനും നക്കാനും ശ്രമിക്കുന്നതിനിടെ വിഷബാധയേറ്റ് വളർത്തുനായകൾ ചത്തതും അസ്വസ്ഥതകൾ നേരിട്ടതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ പറഞ്ഞു.