തിരുവനന്തപുരം: വനാതിർത്തിയിലെ പുഴകളിൽ വനംവകുപ്പിന് അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കാര്യങ്ങൾ മനസിലാക്കാതെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യൻ ഫോറസ്റ്റ് ആൻഡ് കൺസർവേഷൻ ആക്ട് പ്രകാരം, വനത്തിന്റെയും വനത്തിലെ മറ്റ് വസ്തുക്കളുടെയും അധികാരം വനം വകുപ്പിനാണ്.
ഇത് മനസിലാക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കഷ്ടമാണ്. ആരോട് ചോദിച്ചിട്ടാണ്, എന്ത് മനസിലാക്കിയിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നതെന്നു മനസിലാവുന്നില്ല. മണൽക്കൊള്ള തടയാൻ നടപടി സ്വീകരിച്ച വനംവകുപ്പിനെയും മന്ത്രിയെയും ചെന്നിത്തല അഭിനന്ദിച്ചു.
പ്രളയത്തെ നേരിടാൻ നദികളിൽ നിന്നുള്ള മണൽ മാറ്റുന്നതിനോട് പ്രതിപക്ഷത്തിന് എതിർപ്പില്ല. പക്ഷേ, അത് വിൽക്കാൻ സർക്കാരിന് അധികാരമില്ല.
മണൽ നീക്കത്തിന്റെ മറവിൽ കൊള്ള നടത്താനും സ്ഥാപിത താൽപര്യക്കാർക്ക് വിട്ടുകൊടുക്കാനുമായിരുന്നു ശ്രമം. കോടികളുടെ മണൽ കടത്താനാണ് അവസരമൊരുക്കിയത്. ഈ കൊള്ള തടയാൻ കഴിഞ്ഞതിൽ പ്രതിപക്ഷത്തിന് ചാരിത്ഥാർഥ്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രളയം കഴിഞ്ഞ് മൂന്നു വർഷമായിട്ടും മണൽ മാറ്റാൻ കഴിയാത്ത ഗതികെട്ട സർക്കാരാണിത്. സ്പ്രിൻക്ലറിനും, ബെവ്കോ ആപ്പിനും പിന്നാലെ, കൊവിഡിന്റെ മറവിൽ സർക്കാർ നടത്താൻ ശ്രമിച്ച മൂന്നാമത്തെ കൊള്ളയാണിതെന്ന് ചെന്നിത്തല ആരോപിച്ചു.നാലാമത്തെ കൊള്ള ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനമാണെന്നും കുറ്റപ്പെടുത്തി.