തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്നും എം.പി.ദിനേശ് രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ അദ്ദേഹം പറയുന്നു. രാജികത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണിപ്പോൾ.
ടോമിൻ തച്ചങ്കരിയെ മാറ്രിയ ഒഴിവിലാണ് എം.പി.ദിനേശിനെ സർക്കാർ എം.ഡിയായി നിയമിക്കുന്നത്. 2019 ഫെബ്രുവരി എട്ടിന് അദ്ദേഹം ചുമതല ഏറ്റെടുത്തു. അതുവരെ കൊച്ചി സിറ്റി പൊലീസിൽ ഡി.ഐ.ജിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കോർപ്പറേഷൻ നഷ്ടത്തിൽ നിന്നും കൂടുതൽ നഷ്ടത്തിലേക്കു പോയികൊണ്ടിരുന്ന സന്ദർഭത്തിൽ അതിൽ നിന്നും നഷ്ടം കുറയ്ക്കുന്നതിനു വേണ്ടി സർവീസുകൾ അഴിച്ചുപണിയുന്നതിന് അദ്ദേഹം തയ്യാറായി.
ഇത് വ്യാപക പരാതികൾക്ക് ഇടയാക്കിയെങ്കിലും തുടങ്ങിവച്ച പ്രവർത്തനങ്ങൾ കെ.എസ്.ആർ.ടി.സിക്കു നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. 2019 ഏപ്രിലിൽ സർവീസ് കാലാവധി അനുവദിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അഭ്യാർത്ഥന പരിഗണിച്ച് ഒരു വർഷത്തേക്കു കൂടി എം.പി. ദിനേശിന് സർക്കാർ കാലാവധി നീട്ടികൊടുത്തു. ചെയർമാൻ സ്ഥാനം കൂടി നൽകിയത് അപ്പോഴാണ്.
ഈ വർഷവും കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകയതിന്റെ അടിസ്ഥാനത്തിൽ ഒരു കൊല്ലം കൂടി തുടരാൻ അനുവാദം നൽകിയിരുന്നു. അതിനിടെയാണ് രാജി ബംഗളൂരുവിലാണ് ദിനേശിന്റെ കുടുംബം കഴിയുന്നത്. കുടുംബത്തോടൊപ്പം കഴിയാൻ താൽപര്യം കാണിച്ച് അദ്ദേഹം സംസാരിച്ചിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
ഈ സർക്കാരിന്റെ കാലത്തെ നാലാമത്തെ കെ.എസ്.ആർ.ടി.സി എം.ഡിയാണ് എം.പി.ദിനേശ്, എം.ജി.രാജമാണിക്യം, ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി എന്നിവരാണ് മറ്റുള്ളവർ