ആര്യനാട്: അരുവിക്കര പഞ്ചായത്തിലെ പുറുത്തിപ്പാറ പട്ടികജാതി മേഖലയിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കി കെ.എസ്. ശബരീനാഥൻ എം.എൽ.എ.
മേഖലകളിലെ സാംസ്കാരിക നിലയങ്ങളിൽ ടിവിയും കേബിൾ കണക്‌ഷനും ലഭ്യമാക്കിയാണ് വിക്ടേഴ്സ് ചാനലിലൂടെ കുട്ടികൾക്കു പഠിക്കാനുള്ള അവസരമുണ്ടാക്കിയത്. ഇതിന്റെ ആദ്യ ഘട്ടമായി ആര്യനാട് പഞ്ചായത്തിലെ പുറുത്തിപ്പാറ, കീഴ്പ്പാലൂർ സാംസ്കാരിക നിലയങ്ങളിലും തൊളിക്കോട് പഞ്ചായത്തിലെ ചെരുപ്പാണി സാംസ്കാരിക നിലയത്തിലും ടിവിയും കേബിൾ കണക്ഷനും ലഭ്യമാക്കി. ഇവയുടെ പ്രവർത്തന ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലബീഗം, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോട്ടുമുക്ക് അൻസർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സി.എസ്. അൻസാരി, ആര്യനാട്, തൊളിക്കോട് പഞ്ചായത്തിലെ അംഗങ്ങളായ പ്രദീപ്‌കുമാർ, സുധാകർ മിത്തൽ, എൻ.എസ്. ഹാഷിം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്‌പാംഗദൻ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ജയമോഹൻ, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൊൻപാറ സതീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. രതീഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ. രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.ഈ പദ്ധതിക്കായി ഗായിക കെ.എസ്. ചിത്ര 10 ടെലിവിഷൻ നൽകിയതായും വരും ദിവസങ്ങളിൽ ആവശ്യമുള്ള മുഴുവൻ മേഖലകളിലും സാംസ്കാരിക നിലയങ്ങളിൽ പഠനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും എം.എൽ.എ അറിയിച്ചു.