plants

നെടുമങ്ങാട് : കച്ചോലം, കയ്യോന്നി, കടലാടി... നെടുമങ്ങാടിന്റെ ഔഷധപ്പെരുമയിൽ നിറച്ചാർത്തായി നിന്ന ചെടികളിൽ ചിലതാണിവ. തുമ്പയും തുളസിയും മുക്കുറ്റിയും തിരുതാളിയും കാടുംപടലുമായി കിടന്ന വഴിയോരങ്ങളും വയൽ വരമ്പുകളും ഇന്നില്ല. വയലുകൾ പലതും അപ്രത്യക്ഷമായതോടെ തോട്ടുവക്കിലും വഴിയോരങ്ങളിലുമായി കയ്യോന്നിയും കീഴാർനെല്ലിയും കല്ലുരുക്കിയും കുടങ്ങലും പടർന്നുകയറി. എന്നാൽ, ശുചീകരണത്തിന്റെ പേരിൽ ഉൾപ്രദേശങ്ങളിൽ പോലും ഔഷധച്ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിയാണ് പലപ്പോഴും ഔഷധ സസ്യങ്ങൾക്ക് അപായമണി മുഴക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പച്ചിലച്ചെടികൾ അന്യമാവുന്ന ദിനങ്ങൾ അകലെയല്ല.

കടയറ്റു പോയ ചെടികൾ

മഞ്ഞപ്പിത്ത ചികിത്സയ്ക്കായി വൈദ്യന്മാർ ഉപയോഗിച്ചിരുന്ന കീഴാർനെല്ലി ഭീഷണിയിലാണ്. കേശ തൈലത്തിനായി കൈയോന്നിയും നീർ വീക്കത്തിനായി ഊളൻ താമരയും നാഡീ സംബന്ധമായ രോഗങ്ങൾക്ക് കൊടങ്ങലും ഉപയോഗിച്ചിരുന്ന നെടുമങ്ങാടിന്റെ ഓഷധപ്പെരുമയുടെ കടയ്ക്കലാണ് കത്തിവച്ചത്. മൃഗചികിത്സയ്‌ക്കും മനുഷ്യരിൽ ത്വഗ് രോഗങ്ങൾക്കും ഫലപ്രദമായി ഉപയോഗിച്ചിരുന്ന കുപ്പമേനിയും ഏതാണ്ട് അപ്രത്യക്ഷമായ അവസ്ഥയാണ്. പലർക്കും ഈ ചെടി ഏതാണെന്നു പോലും അറിയില്ല. പൊതുയിടങ്ങളിൽ നിന്ന് സ്വകാര്യ മരുന്നു കമ്പനികളുടെ തോട്ടങ്ങളിലേക്ക് നമ്മുടെ പച്ചമരുന്നുകൾ പറിച്ചു നടപ്പെട്ടു.

 ഇപ്പോൾ ബൊട്ടാണിക്കൽ ഗാർഡനിൽ

തിരുവനന്തപുരം നഗരത്തിലെ പച്ചമരുന്ന് കടകളിൽ ആവശ്യമായ ചെടികൾ അടുത്തകാലം വരെ എത്തിച്ചിരുന്നത് മലയോര പ്രദേശമായ നെടുമങ്ങാടു നിന്നാണ്. വയൽ വരമ്പുകളിലും തോട്ടുവക്കിലുമുള്ള പച്ചിലമരുന്നുകൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന കുടുംബങ്ങൾ ഇന്ന് കേട്ടുകേൾവി മാത്രമായി. പുതിയ തലമുറയിൽപ്പെട്ട കുട്ടികൾക്ക് ഈ ചെടികൾ കാണണമെങ്കിൽ പാലോട്ടെ ബൊട്ടാണിക്കൽ ഗാർഡനിൽ പോകേണ്ട സ്ഥിതിയാണ്.

തൊഴിലാളികൾക്ക് അവബോധം സൃഷ്ടിക്കണം

ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അവബോധം ശുചീകരണതൊഴിലാളികൾക്ക് ലഭ്യമാക്കണമെന്ന ആവശ്യം വ്യാപകമാണ്. ഈ സ്ഥിതി തുടർന്നാൽ ഏതാനും വർഷങ്ങൾ കൂടി കഴിഞ്ഞാൽ അമൂല്യമായ ചെടികളിൽ പലതും നാമാവശേഷമാവും.

''വരും തലമുറകൾക്ക് പകർന്നു നൽകാൻ പ്രകൃതി ഒരുക്കിവച്ച നന്മയുടെ കേദാരമാണ് ശുചീകരണത്തിന്റെ പേരിൽ നാടാകെ വെട്ടിനശിപ്പിച്ചു കൊണ്ടിരിക്കുന്നത്. നാടിന്റെ പച്ചില സംസ്കാരം അന്യമാവുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടൽ വേണം""

-പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ