lottery

തിരുവനന്തപുരം: ധനവകുപ്പ് പണമനുവദിക്കുന്നത് നിറുത്തലാക്കിയതോടെ, പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായിരുന്ന കാരുണ്യ ചികിത്സാ സഹായം നിലച്ചു.

കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിക്ക് ഇനി ധനവകുപ്പ് പണം അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് സംവിധാനമൊരുക്കുമെന്നുമാണ് ജൂൺ രണ്ടിന് ധനവകുപ്പിറക്കിയ ഉത്തരവ്. എന്നാൽ ആരോഗ്യവകുപ്പ് പകരം സംവിധാനമൊരുക്കിയിട്ടില്ല.

2012ൽ യു.ഡി.എഫ് സർക്കാരാണ് കാരുണ്യ എന്ന പേരിൽ ലോട്ടറി ആരംഭിച്ച് അതിന്റെ വരുമാനം കൊണ്ട് പാവങ്ങൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതി തുടങ്ങിയത്. തുടക്കത്തിൽ 557 കോടി രൂപ മാത്രമായിരുന്ന കാരുണ്യ ലോട്ടറി വരുമാനം ചികിത്സാ സഹായത്തിനാണ് വരുമാനം ഉപയോഗിക്കുന്നതെന്ന് അറിഞ്ഞതോടെ കാരുണ്യ ടിക്കറ്റിന് വൻ ഡിമാന്റായി. ഇപ്പോൾ 5445 കോടി രൂപയാണ് വരുമാനം. ഇതുവരെ ഒന്നരലക്ഷത്തോളം രോഗികൾക്ക് കാരുണ്യ സഹായം ലഭിച്ചു.

നടപ്പാക്കാത്ത ഇൻഷ്വറൻസ് പദ്ധതി

കേന്ദ്ര സർക്കാർ ആയുഷ്മാൻ ചികിത്സാ പദ്ധതി നടപ്പാക്കിയപ്പോൾ അതിന്റെ ചുവടുപിടിച്ച് 2019 ഏപ്രിലിൽ കാരുണ്യ പദ്ധതി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ശക്തമായ പ്രതിഷേധമുയർന്നതോടെ മറ്റൊരു ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരാനും അതുവരെ കാരുണ്യ തുടരാനും തീരുമാനിച്ചു. റിലയൻസ് ഇൻഷ്വറൻസുമായി ചേർന്ന് നടപ്പാക്കാൻ ശ്രമിച്ചെങ്കിലും റിലയൻസ് പിൻമാറിയതോടെ ഉപേക്ഷിച്ചു. തുടർന്നാണ് കാരുണ്യ ഇതുവരെ നീണ്ടത്. ഇനിയും നീട്ടികൊണ്ടുപോകാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

കാരുണ്യ പദ്ധതി

മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് കാൻസർ ഉൾപ്പെടെ 11 അസുഖങ്ങൾക്ക് രണ്ടുലക്ഷം രൂപ വരെ ധനസഹായം. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രികളിലും പ്രധാന സഹകരണ ആശുപത്രികളിലും ശ്രീചിത്ര, മലബാ‌ർ കാൻസർ സെന്റർ എന്നിവിടങ്ങളിലും ചികിത്സ തേടുന്നവർക്ക് സഹായം.

ലക്ഷക്കണക്കിനു പാവപ്പെട്ടവർക്ക് ആശ്രയമായിരുന്ന കാരുണ്യയെ ഇല്ലാതാക്കുന്നത് വേദനാജനകം. ധനവകുപ്പിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന് ആവശ്യമായ ഫണ്ട് ലഭിക്കില്ല.

- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

കാരുണ്യ പദ്ധതി തുടരും. എവിടെ നിന്നു പണം കണ്ടെത്തണമെന്ന് രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കും. ഇന്നലെവരെ വന്ന അപേക്ഷകളിൽ കുടിശ്ശികയില്ല.

- ആരോഗ്യ മന്ത്രിയുടെ ഓഫീസ്

'കാരുണ്യ പദ്ധതി നിറുത്തലാക്കിയിട്ടില്ല. തുടരാനാണ് തീരുമാനം'

- മുഖ്യമന്ത്രി പിണറായി വിജയൻ