പോത്തൻകോട്: കേരളകൗമുദി ബോധപൗർണമി ക്ലബ് - പേരൂർക്കട ലയൺസ് ക്ലബ് - ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂൾ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഒരേക്കർ സ്ഥലത്തെ സ്വാഭാവിക വനം പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ഇന്ന് തുടക്കമാകും. ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി.രാജേന്ദ്രൻ ഫലവൃക്ഷ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫും പേരൂർക്കട ലയൺസ് ക്ലബ് സെക്രട്ടറിയുമായ കെ.അജിത്കുമാർ, കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ, പേരൂർക്കട ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.എൻ.വിശ്വനാഥൻ, എസ്.എൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീകല, ട്രസ്റ്റ് പ്രസിഡന്റ് രത്‌നാകരൻ, സെക്രട്ടറി ഡോ.മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻജിനിയർ രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഡോ.ബെന്നി, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. 15 ഏക്കർ വിസ്തൃതിയുള്ള സ്‌കൂളിലെ ഒരേക്കർ സ്ഥലത്താണ് ഫലവൃക്ഷങ്ങളും തണൽ വൃക്ഷങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനം സൃഷ്ടിക്കുന്നത്. ഇതിനായി ആയിരം തൈകൾ സ്‌കൂളിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് ഒരേക്കർ സ്ഥലം പരുവപ്പെടുത്തി. പരിപാലനം ഇപ്പോൾ സ്‌കൂളിലെ ജീവനക്കാർക്കാണ്. സ്‌കൂൾ തുറക്കുന്നതോടെ സ്‌കൂളിലെ പരിസ്ഥിതി ക്ലബിന് ഇതിന്റെ സംരക്ഷണ ചുമതല കൈമാറും.