g
വൃക്ഷ സംരക്ഷണ പ്രവർത്തനത്തിൽ ട്രീവാക്ക് കൂട്ടായ്‌മ

തിരുവനന്തപുരം:'തണുപ്പും തണലുമേകി നഗരത്തിന് ശുദ്ധവായു നൽകുന്ന മരങ്ങളെ എന്തിനാണ് ദയയില്ലാതെ കൊല്ലുന്നത്. ഛേദിച്ച തടിക്കഷ്‌ണങ്ങളിൽ നിന്നും ജീവരക്തം പോലെ ഒലിച്ചിറങ്ങുന്ന മരത്തിന്റെ നീര് ആരും കാണാത്തതെന്തുകൊണ്ടാണ്' - മരങ്ങളുടെ സംരക്ഷകരായ ട്രീവാക്ക് കൂട്ടായ്മ വർഷങ്ങളായി ചോദിക്കുന്നതാണിത്. തലസ്ഥാനത്തെ റോഡരികിലുള്ള അപൂർവ വൃക്ഷങ്ങളെ വികസനത്തിന്റെ പേരിൽ മുറിക്കാനൊരുങ്ങുമ്പോൾ ഓടിയെത്താറുള്ള ഇവർ എട്ടുവർഷത്തിനിടെ സംരക്ഷിച്ചത് നൂറുകണക്കിന് മരങ്ങളാണ്.

തിരുവനന്തപുരം വിമൻസ് കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസർ ഡോ. തങ്കത്തിന്റെ ഓർമ്മയ്‌ക്കായി പരിസ്ഥിതി സ്നേഹികളായ ഒരുകൂട്ടം പേർ 2012 ൽ രൂപം നൽകിയ ട്രീവാക്ക് സംഘടനയാണ് വൃക്ഷ സംരക്ഷണത്തിലൂടെ ശ്രദ്ധേയമാകുന്നത്. ഡോ. തങ്കത്തിന്റെ മകൾ അനിതയ്‌ക്കൊപ്പം ഡോ. എസ് .ശാന്തി, വീണ.എം, നമിത.എൽ, അശോക്.എസ്, രേണു ഹെൻട്രി, സുരേഷ് ഇളമൺ, മാധവ കുറുപ്പ് എന്നിവർ ചേർന്നാണ് സംഘടനയ്ക്ക് രൂപം നൽകിയത്.

നഗരത്തിന്റെ ശ്വാസകോശങ്ങളായ മരങ്ങൾ സംരക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. വഞ്ചിയൂർ കോടതിക്ക് മുന്നിൽ റോഡ് വികസനത്തിനായി 64 മരങ്ങൾ മുറിക്കാനൊരുങ്ങിയപ്പോഴായിരുന്നു ഇവർ ആദ്യമായി രംഗത്തിറങ്ങിയത്. പ്രതിഷേധമായി ട്രീവാക്ക് നടത്തി. എന്നാൽ പ്രതിഷേധം ഫലംകണ്ടില്ല, 64 മരങ്ങളും നിലംപതിച്ചു. പരാജയത്തിൽ പിന്നോട്ടുപോയില്ല,

റോഡ് വികസനത്തിന്റെ പേരിൽ മറ്റിടങ്ങളിൽ മരം മുറിക്കാനായി അധികാരികൾ മുന്നോട്ടുവന്നപ്പോൾ ഇവർ ശക്തമായി എതിർത്തു.പി.എം.ജി യിലെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിലെ ഒടമുള്ള് മരം, പാളയത്തെ കല്യാൺ സിൽക്സിന് മുന്നിലെ മഴമരം, പബ്ലിക് ലൈബ്രറി കോമ്പൗണ്ടിലെ മഞ്ഞക്കടമ്പ് ,തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിന് സമീപത്തെ അകിൽ , നോർക്ക ഓഫീസിന് മുന്നിലെ ഇലിപ്പ എന്നിങ്ങനെ നിരവധി മരങ്ങളാണ് ട്രീവാക്കിന്റെ പ്രതിരോധത്തെ തുടർന്ന് ഇപ്പോഴും ശിഖരങ്ങൾ വീശി നിൽക്കുന്നത്. അട്ടക്കുളങ്ങര സ്‌കൂളിനോട് ചേർന്ന അൻപതിലധികം മരങ്ങൾ മുറിച്ചുമാറ്റി ട്രിഡയുടെ നേതൃത്വത്തിൽ നടത്താനൊരുങ്ങിയ നിർമാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചതും ഇവരുടെ പ്രതിരോധത്തിന്റെ ഫലമായാണ്. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിലെ മരമല്ലി മരത്തിന് കേടുപറ്റിയപ്പോൾ വൃക്ഷായുർവേദ ചികിത്സ നൽകി രക്ഷിച്ചതും ഇവരാണ്.

വൃക്ഷ സ്നേഹത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനായി നേച്ചർ ക്ലബുകളിലൂടെ സ്‌കൂൾ പരിസരത്തും വീട്ടിലുമെല്ലാം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതാണ് ഉചിതമെന്നും ട്രീവാക്ക് കോ ഓർഡിനേറ്റർ അനിത പറഞ്ഞു.