nn

തിരുവനന്തപുരം: കേന്ദ്ര സർക്കാർ റദ്ദാക്കിയ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ കോർത്തിണക്കിയുള്ള 69.47 കോടി രൂപയുടെ ശിവഗിരി ശ്രീനാരായണ ഗുരു ടൂറിസം സർക്യൂട്ട് പദ്ധതിയും 85 കോടിയുടെ തീർത്ഥാടക സർക്യൂട്ട് പദ്ധതിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടപ്പാക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു.

പദ്ധതി റദ്ദാക്കിയ കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബി സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ ജനറൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ അനുഷ്ഠിച്ച 24 മണിക്കൂർ ഉപവാസത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക നിലയങ്ങളുടെ ഉന്നമനത്തിന് കിഫ്ബിയിൽ പ്രഖ്യാപിച്ച 700 കോടി രൂപയിൽ നിന്ന്‌ ഈ പദ്ധതിക്കുവേണ്ട തുക മാറ്റിവയ്ക്കണമെന്നും സതീശൻ പറഞ്ഞു.

കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.അജിരാജകുമാർ, എൻ.രാജേന്ദ്രബാബു, രാജേഷ് സഹദേവൻ, ജില്ലാ ചെയർമാൻ ഷാജിദാസ്, അഡ്വ: സജിൻ ലാൽ, ജലീൽ മുഹമ്മദ്, ഹരികുമാർ, സജേഷ് ചന്ദ്രൻ, വില്യം ലാൻസി എന്നിവർ സംസാരിച്ചു.