d

കാസർകോട്: സ്വർണക്കട്ടിയുമായി കാർ യാത്രക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. യൂസുഫിനെ (52)യാണ് പ്രിൻസിപ്പൽ എസ്.ഐ. പി .നളിനാക്ഷനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ രാത്രി ചന്ദ്രഗിരി പാലത്തിനു സമീപം വെച്ചാണ് സംഭവം. കാസർകോട് ടൗൺ സി ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സ്വർണക്കട്ടി പിടിച്ചെടുത്തത്.
കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസർകോട് ഭാഗത്തേക്ക് സ്വിഫ്റ്റ് കാറിൽ വരികയായിരുന്നു യൂസുഫ്. കൈകാണിച്ച് നിർത്തിയപ്പോൾ പരസ്പര വിരുദ്ധമായ മറുപടി നൽകിയതിനെ തുടർന്ന് കാർ പരിശോധിച്ചപ്പോൾ മുൻ വശത്തെ ഡാഷ് ബോർഡിനകത്ത് സൂക്ഷിച്ച സ്വർണക്കട്ടികൾ കണ്ടെത്തി. കണ്ണൂർ എയർപോർട്ടിൽ നിന്നും ഒരാൾ തന്നതാണെന്നും മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുപോവുകയായിരുന്നുവെന്നും യൂസുഫ് മൊഴി നൽകി. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.