തിരുവനന്തപുരം: മഹാരാഷ്ട്ര,ഗുജറാത്ത് സംസ്ഥാനങ്ങളിൽ വൻനാശവും കേരളത്തിൽ മഴയും ഉണ്ടാക്കിയ അറബിക്കടലിലെ നിസർഗ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ പത്തോടെ വടക്ക് കിഴക്കൻ ദിശയിലേക്കോ, വടക്കു പടിഞ്ഞാറൻ ദിശയിലേക്കോ നീങ്ങിത്തുടങ്ങും. ബംഗാൾ, മുതൽ ഉത്തർപ്രദേശ് വരെയുള്ള പ്രദേശങ്ങളിൽ വൻനാശമുണ്ടാക്കും.
കേരളത്തെ രണ്ടു തരത്തിൽ ബാധിച്ചേക്കാം. ഗതി നേരെ വടക്കോട്ടെങ്കിൽ കേരളത്തിലെ മഴ മേഘങ്ങളെ വലിച്ചെടുക്കും. ജൂൺ 8 മുതൽ 13 വരെയുള്ള ആഴ്ച കേരളത്തിൽ മഴ കുറയും.
മറിച്ച് ആദ്യ ദിശകളിൽ നീങ്ങിയാൽ കേരള തീരത്ത് നല്ല മഴയും കാറ്റും ഉണ്ടാകാം.നിലവിൽ കേരളത്തിൽ 7 വരെ നല്ല മഴ ലഭിക്കും. കേരള തീരത്ത് 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും ഇടയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,ഇടുക്കി,എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.