വട്ടിയൂർക്കാവ്: കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ നാലാഞ്ചിറ കൊപ്പാറഴികത്ത് ഫാ.കെ.ജി. വർഗീസിന്റെ (77) മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിനെ ചൊല്ലിയുള്ള എതിർപ്പുകൾ പരിഹരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയിൽ മതപരമായ ചടങ്ങുകൾ പൂർത്തീകരിച്ച് പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വട്ടിയൂർക്കാവ് മലമുകളിലെ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഫാ.വർഗീസ് കൊവിഡ് ബാധിച്ചു മരിച്ചത്.
സഭാ നേതൃത്വങ്ങളുടെ കൂട്ടായ തീരുമാനങ്ങൾക്കൊടുവിലാണ് വൈദികന്റെ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്കും തർക്കങ്ങൾക്കും വിരാമമായത്. തർക്കഭൂമിയിൽ മൃതദേഹം സംസ്‌കരിക്കാനുള്ള തീരുമാനം പിൻവലിച്ചു. കൂടുതൽ വിവാദങ്ങൾ ഉണ്ടാകുന്നത് മരണപ്പെട്ടയാളുടെ മൃതദേഹത്തോടുള്ള അനാദരവാകുമെന്നുള്ളതിനാലാണ് സഭാനേതൃത്വം ഇങ്ങനെ തീരുമാനം കൈക്കൊണ്ടത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് കുമാരപുരം പള്ളിയുടെ വകയായി മലമുകൾ ഭാഗത്തുള്ള ഓർത്തഡോക്സ് സഭയുടെ സെന്റ്‌തോമസ് സെമിത്തേരിയിൽ മൃതദേഹം കൊണ്ടുവന്നത്.സെമിത്തേരിക്ക് സമീപമുള്ള ചാപ്പലിൽ ഓർത്തഡോക്സ് സഭാ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രോപൊലീത്ത ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. മേയർ കെ. ശ്രീകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി.ബിനു, ഫാ. എബ്രഹാം തോമസ്, ഫാ. മാത്യു നൈനാൻ, ഫാ.മാർട്ടിൻ,ഫാ.ബാബു, ഫാ.ജോജി എന്നിവരും സന്നിഹിതരായിരുന്നു.നഗരസഭ ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാറിന്റെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർമാരായ എസ്.പ്രകാശ്, ജി.ഉണ്ണി, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ് റോയ്, സുജിത്ത് സുധാകർ, ജെ.എച്ച്.ഐമാരായ ഷൈജു.എം.എസ്,ഷജി,ശുചീകരണ വിഭാഗം തൊഴിലാളികളായ ജയകുമാർ,മൊയ്തീൻ, ദിലീപ്,മനാഫ് എന്നിവരാണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്.
മരണശേഷം നടത്തിയ പരിശോധനയിൽ വൈദികന് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെയാണ് വിവാദങ്ങളുണ്ടാകുന്നത്. മൃതദേഹം മലമുകളിലെ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ ബുധനാഴ്ച നാട്ടുകാർ പ്രതിഷേധവുമായെത്തി. ഈ ഭാഗത്ത് പുതുതായി നിർമ്മിച്ച സെമിത്തേരിയിൽ അടക്കാനുള്ള തീരുമാനമുണ്ടായതോടെയാണ് പ്രതിഷേധം കനത്തത്. ഇതു തർക്കഭൂമിയാണെന്നും ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒത്തുകൂടുകയായിരുന്നു. ബുധനാഴ്ച വൈകിയും പ്രതിഷേധം തുടർന്നതോടെ വൈദികന്റെ മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിൽത്തന്നെ സൂക്ഷിച്ചു.
പ്രതിഷേധവുമായി എത്തിയത് സ്ത്രീകൾ: പൊലീസ് അനുനയിപ്പിച്ചു
ഇന്നലെ രാവിലെ 8 മുതൽ മലമുകൾ സെമിത്തേരിക്കു സമീപം 20 ഓളം വരുന്ന സ്ത്രീകൾ പ്രതിഷേധവുമായി എത്തിയിരുന്നു. വൈദികന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതിനാൽ മറ്റെവിടെയെങ്കിലും മൃതദേഹം അടക്കം ചെയ്യണമെന്നതായിരുന്നു ഇവരുടെ ആവശ്യം. മൃതദേഹം മലമുകളിലേക്ക് കൊണ്ടുവന്നാൽ തടയാനായിരുന്നു തീരുമാനം. വട്ടിയൂർക്കാവ് പൊലീസ് നടത്തിയ ചർച്ചയ്‌ക്കൊടുവിൽ സംസ്‌കാര ചടങ്ങുകൾക്കു ശേഷമാണ് സ്ത്രീകൾ പിരിഞ്ഞുപോയത്.