corona

തിരുവനന്തപുരം : കരുതൽ ശക്തമാക്കിയിട്ടും സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ 94 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ മൊത്തം രോഗികൾ 1588 ആയി.

കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മൂന്ന് പേർക്ക് കൊവിഡ് ബാധിച്ചിരുന്നതായി ഇന്നലെ സ്ഥിരീകരിച്ചതോടെ മൊത്തം കൊവിഡ് മരണം 14 ആയി.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കും മുമ്പ് മരണം ആദ്യമാണ്. ഇത് ആരോഗ്യവകുപ്പിനെ പ്രസന്ധിയിലാക്കുന്നുണ്ട്. ചികിത്സാ സംവിധാനങ്ങളെല്ലാം സജ്ജമാണെങ്കിലും കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്നാണ് ആശങ്ക.

ചെന്നെയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മീനാക്ഷിയമ്മാൾ (73), അബുദാബിയിൽ നിന്ന് വന്ന മലപ്പുറം എടപ്പാൾ സ്വദേശി ഷബ്‌നാസ് (27), കൊല്ലം കാവനാട് സ്വദേശി സേവ്യർ (65) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. ഇന്നലെ ഫലം ലഭിച്ചതോടെയാണ് ഇവരുടെ രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മീനാക്ഷിയമ്മാൾ ശ്വാസകോശരോഗത്തിനും ഷബ്നാസ് അർബുദത്തിനും ചികിത്സയിലായിരുന്നു. സേവ്യറിനെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

രോഗബാധിതർ കുത്തനെ ഉയരുമ്പോഴും സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് ആശ്വാസം.

ഇന്നലത്തെ രോഗികളിൽ 47 പേർ വിദേശത്ത് നിന്നും 37പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 39 പേർ ഇന്നലെ രോഗമുക്തരായി.

പുതിയ രോഗികൾ

പത്തനംതിട്ട 14

കാസർകോട് 12

കൊല്ലം 11 (ഒരു മരണം)

കോഴിക്കോട് 10

ആലപ്പുഴ 8

മലപ്പുറം 8 (ഒരു മരണം)

പാലക്കാട് 7 (ഒരു മരണം)

കണ്ണൂർ 6

തിരുവനന്തപുരം 5

കോട്ടയം 5

തൃശൂർ 4

എറണാകുളം 2

വയനാട് 2

ഒൻപത് ഹോട്ട് സ്‌പോട്ടുകൾ കൂടി

കണ്ണൂർ - ഇരിട്ടി മുനിസിപ്പാലിറ്റി, തില്ലങ്കരി, ആന്തൂർ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം - അഞ്ചൽ, ഏരൂർ, കടക്കൽ, പാലക്കാട് - കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 124 ഹോട്ട് സ്‌പോട്ടുകൾ.

രാജ്യത്ത് 9,304 രോഗികൾ
 260 മരണം

പ്രതിരോധ സെക്രട്ടറിക്കും കൊവിഡ്


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 9,304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 260 മരണം. ഒറ്റ ദിവസത്തെ റെക്കാഡ് വർദ്ധനയാണിത്. രാജ്യത്തെ മൊത്തം രോഗികൾ 2,16,919 ആയി. ആകെ മരണം 6,075.

ഡൽഹിയിൽ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രതിരോധ സെക്രട്ടറിയുമായ അജയ്‌കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിരോധമന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥർക്ക് വീട്ടിൽ ക്വാറന്റൈൻ നിർദ്ദേശിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓഫീസിൽ വരുന്നില്ല.