prathy

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് വെട്ടുവിള കോളനിയിൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 8 പേർ കൂടി അറസ്റ്റിൽ. വെട്ടുവിള പുത്തൻവീട്ടിൽ ഷാരു (20), തൈക്കാട് ലക്ഷം വീട് കോളനിയിൽ ശ്രീരാജ് (ചന്തു, 20), കുടവൂർ കല്ലുവെട്ടാങ്കുഴി വീട്ടിൽ അരുൺ (ചിഞ്ചു -22), തൈക്കാട് മുളംകുന്നിൽ ലക്ഷം വീട്ടിൽ ശ്രീനാഥ് (നന്ദു -20), വയ്യേറ്റ് ലക്ഷം വീട് കോളനിയിൽ മനീഷ് (27), വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണു (സണ്ണി -20), ഊറുപൊയ്ക മങ്കാട്ടു മൂല എസ്.എസ് ഭവനിൽ സുധീഷ് ( ഉണ്ണി - 27), മണിക്ക മംഗലം വെട്ടുവിള പുത്തൻ വീട്ടിൽ ഷൈൻ (23) എന്നിവരെയാണ് റൂറൽ എസ്.പിയുടെ ഷാഡോ പൊലീസും വെഞ്ഞാറമൂട് പൊലീസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരാൾ അറസ്റ്റിലായിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളക്കാട് സായി ഗ്രാമത്തിനു സമീപത്തെ കേന്ദ്രത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. മാരിയം വെട്ടു വിളയിലാണ് കഞ്ചാവ് മാഫിയ കഴിഞ്ഞ ശനിയാഴ്ച ആക്രമണം നടത്തിയത്. വെട്ടുവിള വീട്ടിൽ ലീല (44), വെട്ടുവിള വീട്ടിൽ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38), മാരിയത് വീട്ടിൽ സുരേഷ് (35) എന്നിവർക്കാണ് വെട്ടേറ്റത്. വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നൽകുന്ന സംഘമാണ് ആക്രമണം നടത്തിയത്. കഞ്ചാവ് വില്പന എതിർത്തവരെയാണ് ആക്രമിച്ചത്. വെഞ്ഞാറമൂട് സി.ഐ വിജയരാഘവൻ, എസ്.ഐമാരായ അജയൻ, ഷാജി, എസ്.സി.പി.ഒ ഷൈജു, സി.പി.ഒ മഹേഷ്‌, ഷാഡോ പൊലീസ് എസ്.ഐ ബിജു ഹക്ക്, എ.എസ്.ഐ ദിലീപ്, സി.പി.ഒമാരായ അനൂപ്, സുധീർ, ഷിജു, സുനിൽ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.