protest

അമേരിക്കയിൽ വംശവെറിയുടെ ധാർഷ്ട്യത്തിന് മുന്നിൽ ശ്വാസംമുട്ടി മരിച്ച ജോർജ് ഫ്ളോയിഡിന് പിന്തുണയർപ്പിച്ച് ലോകമെങ്ങും ആരവങ്ങൾ ഉയരുകയാണ്. കൊവിഡ് കാലം കായികരംഗത്തിന് മേൽ ഇട്ട താത്കാലിക കർട്ടൻ ഉയർന്നുതുടങ്ങിയിട്ടേയുള്ളുവെങ്കിലും വംശവെറിയുടെ ക്രൂരതയ്ക്കെതിരായ പ്രതിഷേധങ്ങൾ കളിക്കളത്തിലും സജീവമാണ്.

യൂറോപ്പിൽ ഫുട്ബാൾ തുടങ്ങിയ ജർമ്മനിയിൽ ഫ്ളോയ്ഡ് അനുകൂല മുദ്രാവാക്യങ്ങൾ ജഴ്സിയിൽ എഴുതിയ ബൊറൂഷ്യ ഡോർട്ട് മുണ്ടിന്റെ ജാഡോൺ സാഞ്ചോയും ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന ഷാൽക്കെയുടെ മാർക്കസ് തുറാമുമൊക്കെ വംശീയ വേർതിരിവിനെതിരെ പ്രതിഷേധിക്കാനുള്ള വേദിയായി തങ്ങളുടെ ഗോൾ നേട്ടങ്ങളെ മാറ്റി. കളിക്കളത്തിലെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഫിഫ നിയമം അനുസരിച്ച് കുറ്റകരമാണ്. അതുകൊണ്ടുതന്നെ ജഴ്സി ഉയർത്തിക്കാട്ടിയുള്ള മുദ്രാവാക്യ പ്രകടനത്തിന് കളിക്കളത്തിൽ റഫറി മഞ്ഞക്കാർഡ് നൽകിയിരുന്നു. എന്നാൽ എക്കാലവും വംശീയ വെറിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഫിഫ രംഗത്തുവരികയും ഇൗ കാര്യത്തിൽ ശിക്ഷിക്കുമ്പോൾ 'കോമൺസെൻസ്" പ്രയോഗിക്കണമെന്ന് എല്ലാ രാജ്യങ്ങളിലെയും ഫുട്ബാൾ അസോസിയേഷനുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഫിഫയുടെ പിന്തുണകൂടി ലഭിച്ചതോടെ ലോകത്തെമ്പാടുമുള്ള ഫുട്ബാൾ താരങ്ങളുടെ പ്രതിഷേധത്തിന് ഉൗർജ്ജം കൂടുകയും ചെയ്തു. ലിവർപൂൾ കളിക്കാർ പരിശീലന ഗ്രൗണ്ടിൽ വട്ടമിട്ട് മുട്ടുകുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രമുഖതാരങ്ങൾ പലരും മുട്ടുകുത്തിയിരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

നിറത്തിന്റെ പേരിലുള്ള വേർതിരിവിനെതിരെ കളിക്കളങ്ങൾ പ്രതിഷേധ വേദിയാകുന്നത് ഇതാദ്യമല്ല. വർണവെറിയുടെ ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്താൻ മുന്നിൽനിന്നിട്ടുള്ളതും കായിക താരങ്ങൾതന്നെ.

കറുത്ത വർഗക്കാരനായ തനിക്ക് ആഹാരം നിഷേധിച്ച ഹോട്ടലുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് തന്റെ ഒളിമ്പിക് മെഡൽ തന്നെ ഒഹായോ നദിയിലേക്ക് എറിഞ്ഞുകളഞ്ഞ ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയും സാക്ഷാൽ അഡോൾഫ് ഹിറ്റ്‌‌ലറുടെ അപ്രമാദിത്വത്തിന് മുന്നിൽ അടിപതറാതെ ബെർലിൻ ഒളിമ്പിക്സിൽ നാല് സ്വർണമെഡലുകൾ നേടിയ ജെസി ഒാവൻസും കറുത്തവർഗക്കാർക്കെതിരായ വേർതിരിവിൽ പ്രതിഷേധിച്ച് 1968 ഒളിമ്പിക്സിൽ ബ്ളാക് പവർ സല്യൂട്ട് നടത്തിയ ടോമി സ്മിത്തും ജോൺ കാർലോസും മുതൽ കിംഗ് കോംഗെന്ന് വിളിച്ചവർക്കെതിരെ ഗോളടിച്ചശേഷം ഷർട്ടൂരി കിംഗ് കോംഗിനെത്തന്നെ അനുകരിച്ച് അലറിവിളിച്ച ഇറ്റാലിയൻ ഫുട്ബാളർ മരിയോ ബലോറ്റെലിയും വരെയുള്ളവരുടെ പ്രതിഷേധം ലോകത്ത് ഉയർത്തിയ മാറ്റൊലികൾ ചില്ലറയല്ല.

വംശീയ വെറിക്കെതിരായി കളിക്കളങ്ങളിൽ നടന്ന ചരിത്രപരമായ ചില പ്രതിഷേധങ്ങളുടെ കഥ ഇതാ..

ജെസി പകർന്ന ജ്വാല

ആര്യൻ മേധാവിത്വത്തിൽ അഭിരമിച്ച അഡോൾഫ് ഹിറ്റ്‌ലറുടെ അഹങ്കാരം നിറഞ്ഞ ശിരസ് ജർമ്മൻ മണ്ണിൽവച്ച് കുനിപ്പിച്ച അപൂർവ്വ പ്രതിഭയാണ് ജെസി ഒാവൻസ്. 1936 ൽ ബെർലിനിൽ നടന്ന ഒളിമ്പിക്സിൽ നാല് സ്വർണമെഡലുകളാണ് ജെസി നേടിയത്. ആര്യന്മാരല്ലാതെ ആരും സ്വർണം നേടുന്നത് കാണാൻ ഇഷ്ടപ്പെടാതിരുന്ന ഹിറ്റ്‌ലർക്ക് മുന്നിൽ നാലുതവണ ജെസി വിശ്വവിജയിയായി നിന്നു. മെഡൽ ദാനച്ചടങ്ങിന് നിൽക്കാതെ ഹിറ്റ്ലർ വേദിവിട്ടുപോയതും ചരിത്രം.

ബെർലിൻ ഒളിമ്പിക്സ് വേദിയിൽ മെഡൽ വാങ്ങിയ ശേഷം മറ്റു മെഡലിസ്റ്റുകൾ ഹിറ്റ്‌ലറുടെ നാസി സല്യൂട്ട് നൽകിയപ്പോൾ ഒാവൻസ് അമേരിക്കൻ മാതൃകയിൽ സല്യൂട്ട് നൽകുകയായിരുന്നു. അതേസമയം ഹിറ്റ്ലർ ഒാവൻസിന് ഷേക്ഹാൻഡ് നൽകിയിരുന്നുവെന്നും ആ ചിത്രം ഹിറ്റ്ലറുടെ ഇമേജ് മെച്ചപ്പെടാതിരിക്കാനായി അന്ന് ശത്രു രാജ്യങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചില്ല എന്നും റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു. ഹിറ്റ്ലർ തന്നെ നോക്കി കൈവീശിയതായും ഷേക്ഹാൻഡ് നൽകിയതായും ജെസി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ കറുത്തവനായതിനാൽ അമേരിക്കൻ പ്രസിഡന്റ് തന്നെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് ഷേക്ഹാൻഡ് നൽകിയില്ല എന്ന വിഷമവും ഒാവൻസ് പങ്കുവച്ചിരുന്നു.

അലി വലിച്ചെറിഞ്ഞത്

കറുത്ത വർഗക്കാരനായതിന്റെ പേരിൽ തന്റെ മതമാണ് കാഷ്യസ് ക്ളേ ആദ്യം വലിച്ചെറിഞ്ഞത്. പ്രൊഫഷണൽ റിംഗിലും ഒളിമ്പിക് റിംഗിലും വിജയ പീഠങ്ങൾ ഒാരോന്നായി കീഴടക്കുമ്പോഴും മുഹമ്മദ് അലിയായി മാറിയ കാഷ്യസ് ക്ളേയുടെ മനസിൽ വിവേചനത്തിന്റെ അനീതിക്കെതിരായ കനൽ അടങ്ങിയിരുന്നില്ല. അതുകൊണ്ടാണ് വെളുത്തവർക്ക് മാത്രമെന്ന് ബോർഡുവച്ചിരുന്ന ഭക്ഷണശാലയോടുള്ള പ്രതിഷേധ സൂചകമായി റോം ഒളിമ്പിക്സിൽ നേടിയ സ്വർണമെഡൽ നിസാരമായി അലി ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞത്. അലി മെഡൽ എറിഞ്ഞിട്ടില്ലെന്നും അത് നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്നും പിന്നീട് കഥകളുണ്ടായെങ്കിലും ബോക്സിംഗ് റിംഗിൽനിന്ന് വിരമിച്ച ശേഷമുള്ള അലിയുടെ ഒാരോ പഞ്ചുകളും വംശീയവെറിക്കെതിരെയായിരുന്നു. ജീവിതാവസാനം വരെയും വർണവെറിക്കെതിരെ അലി ശബ്ദമുയർത്തി.

ബ്ളാക് പവർ സല്യൂട്ട്

1968 ലെ മെക്സിക്കോ ഒളിമ്പിക്സിലെ 200 മീറ്ററിന്റെ മെഡൽ ദാനചടങ്ങിലാണ് രണ്ട് കറുത്ത വർഗക്കാരായ അമേരിക്കൻ താരങ്ങൾ വ്യത്യസ്തമായ പ്രതിഷേധരീതി സ്വീകരിച്ചത്. കൈയിൽ കറുത്ത ഗ്ളൗസ് ധരിച്ച് ഒറ്റക്കൈ മുകളിലേക്ക് ഉയർത്തി സല്യൂട്ട് ചെയ്തത് സ്വർണ മെഡൽ ജേതാവ് ടോമി സ്മിത്തും വെങ്കലമെഡൽ ജേതാവ് ജോൺ കാർലോസുമാണ്. അമേരിക്കയിൽ കറുത്തവർഗക്കാരുടെ വിമോചനത്തിനായി ഉയർന്നുവന്ന മൂവ്മെന്റിന്റെ രീതിയിലുള്ള സല്യൂട്ടാണ് അവർ നടത്തിയത്. ഇത് അമേരിക്കയിലെ അധികാരിവർഗത്തിനുള്ള ശക്തമായ താക്കീതായിരുന്നു. ഇൗ സല്യൂട്ട് വലിയ വിവാദമായതോടെ ഇരുവരെയും ഒളിമ്പിക് വില്ലേജിൽനിന്ന് പുറത്താക്കാൻ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു. 1936 ൽ ഹിറ്റ്ലർ ബെർലിൻ ഒളിമ്പിക്സിൽ നാസി സല്യൂട്ട് നിർബന്ധിതമാക്കിയപ്പോൾ അന്ന് അമേരിക്കൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായിരുന്ന ബ്രണ്ടേജ് മിണ്ടാതെ അനുസരിച്ചിരുന്നു. ആ ബ്രണ്ടേജ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റായിരിക്കുമ്പോഴാണ് സ്മി​ത്തി​നെയും കാർലോസി​നെയും പുറത്താക്കിയത്. എന്നാൽ ഇതിലും വലിയ ശിക്ഷ നേരിട്ടത് അന്ന് വെള്ളിനേടിയിരുന്ന ആസ്ട്രേലിയൻ താരം പീറ്റർ നോർമാനാണ്. ഇരുവർക്കും പിന്തുണയായി നോർമാൻ മനുഷ്യാവകാശ മുദ്ര പതിപ്പിച്ച ബാഡ്ജ് ധരിച്ചിരുന്നു. ആ കുറ്റത്തിന് ആസ്ട്രേലിയ പിന്നീട് നോർമാനെ യോഗ്യതയുണ്ടായിരുന്നിട്ടും ഒളിമ്പിക്സിൽ അവസരം നൽകിയില്ല. 2006 ൽ നോർമാൻ മരണപ്പെട്ടപ്പോൾ ശവമഞ്ചം തോളിലേറ്റാൻ സ്മിത്തും കാർലോസും വന്നിരുന്നു. നോർമാനോട് കാണിച്ച അവഗണനയ്ക്ക് 2012 ൽ ആസ്ട്രേലിയ ഒൗദ്യോഗികമായി മാപ്പുപറഞ്ഞു. മങ്കിഗേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ടീം അറിയാതെയെങ്കിലിും ഒരു വർഗീയ വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. 2008 ലെ ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിനിടയിലെ സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ താരം ഹർഭജൻസിംഗ് തന്നെ 'മങ്കി "എന്ന് വിളിച്ചെന്നായിരുന്നു ആസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സിന്റെ ആരോപണം. എന്നാൽ കുരങ്ങ് എന്നല്ല ഹിന്ദിയിൽ ഒരു തെറിവാക്കാണ് ഉപയോഗിച്ചതെന്നു ഹർഭജൻ പറഞ്ഞു. ഹർഭജനെ മാച്ച് റഫറി വിലക്കിയപ്പോൾ ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹിയായിരുന്ന സച്ചിന്റെ നേതൃത്വത്തിൽ ടീം മത്സരമുപേക്ഷിക്കാൻ തീരുമാനിച്ചതോടെ വിലക്ക് പിൻവലിക്കുകയായിരുന്നു. തെറിവാക്കി​നെക്കാൾ വേദനി​പ്പി​ക്കുന്നതായി​ സൈമണ്ട്സ് കരുതി​യത് കുരങ്ങ് പരാമർശമാണ്. സൈമണ്ട്സും ഹർഭജനും പി​ന്നീട് ഐ.പി​.എല്ലി​ൽ മുംബയ് ഇന്ത്യൻസി​നായി​ ഒരുമി​ച്ച് കളി​ക്കുകയും ചെയ്തു ബലോട്ടെലിയുടെ കിംഗ് കോംഗ് 2012 ൽ യൂറോകപ്പ് നടക്കുമ്പോഴാണ് ഇറ്റാലിയൻ ടീമിലെ കറുത്ത വർഗക്കാരനായ മരിയോ ബലോട്ടെലിയെ ഒരുപത്രം കിംഗ് കോംഗിനോട് ഉപമിച്ച് കാർട്ടൂൺ വരച്ച് ആക്ഷേപിച്ചത്. തന്റെ ഇൗ കാർട്ടൂൺ ചിത്രം ബലോട്ടെലിയെ ഏറെ വിഷമിപ്പിച്ചു. കളിക്കാൻ ഇറങ്ങിയ കാലംമുതൽ ഇത്തരത്തിലുള്ള അധിക്ഷേപം ഏറെ കേൾക്കുന്ന ബലോട്ടെലി അതിന് കളിക്കളത്തിൽ തന്നെ പകരംവീട്ടി. ജർമ്മനിക്കെതിരായ സെമി ഫൈനലിൽ ഗോളടിച്ച ശേഷം മൈതാനമദ്ധ്യത്ത് ജഴ്സിയൂരിയിട്ടശേഷം കിംഗ് കോംഗിന്റെ പോസ് അനുകരിക്കുകയായിരുന്നു ബലോട്ടെല്ലി. അമേരിക്കയിലും യൂറോപ്പിലുമുള്ള ഒരുകൂട്ടം വികലമനസുകളുടെ പ്രതിഫലനമെന്ന പോലെ ആഫ്രോ -അമേരിക്കൻ വംശജരെയും ആഫ്രോ-ഏഷ്യൻ വംശജരെയുമൊക്കെ കളിക്കളങ്ങളിൽ കൂവി വിളിക്കുന്നത് മുമ്പ് പതിവായിരുന്നു. നിറത്തിന്റെ പേരിൽ രണ്ടാം തരക്കാരായി ആൾക്കൂട്ടത്തിന് നടുവിൽ മാറേണ്ടിവരുന്നത് ഇൗ കളിക്കാരിൽ വലിയ മാനസിക പ്രയാസങ്ങളാണ് ഉണ്ടാക്കിയത്. അതിന്റെ സ്വാഭാവിക പ്രതിഷേധാണ് പലപ്പോഴും ഉയർത്തിയത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഫിഫയും യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനുമൊക്കെ ഇൗ 'വർണാന്ധത" അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പല കളിക്കളങ്ങളിലും കറുത്തവരായ കളിക്കാർ അവഹേളനം നേരിടുന്നുണ്ട്.