തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുൻ ധാരണപ്രകാരം പി.ജെ. ജോസഫ് വിഭാഗത്തിന് ജോസ് കെ മാണി വിഭാഗം വിട്ടുനൽകണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി നിർദ്ദേശിച്ചു. ഇക്കാര്യം യു.ഡി.എഫിൽ അറിയിക്കാൻ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും ഉമ്മൻ ചാണ്ടിയെയും ചുമതലപ്പെടുത്തി. ഹൈക്കമാൻഡിനെയും തീരുമാനമറിയിക്കും. രണ്ട് എം.പിമാരുള്ള ജോസ് വിഭാഗം യു.പി.എ കക്ഷിയായതിനാലാണിത്.
തർക്കമുണ്ടായപ്പോഴാണ് ജോസ് കെ.മാണി വിഭാഗത്തിന് എട്ട് മാസവും ശേഷിക്കുന്ന ആറ് മാസം ജോസഫ് പക്ഷത്തിനുമെന്ന ധാരണയുണ്ടാക്കിയത്. 11 മാസമായി ജോസ് പക്ഷം പ്രസിഡന്റ്സ്ഥാനം കൈവശം വച്ചിരിക്കുന്നു.കോൺഗ്രസ് ഇടപെട്ടുണ്ടാക്കിയ കരാറിൽ വാക്കുപാലിക്കാൻ ബാദ്ധ്യതയുണ്ട്. അല്ലെങ്കിൽ ഘടകകക്ഷികൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിന് നഷ്ടപ്പെട്ടാലും യു.ഡി.എഫിൽ അവർക്ക് പൂർണ്ണ സംരക്ഷണം ഉണ്ടാകും.
രണ്ട് കക്ഷികളെയും യു.ഡി.എഫിനൊപ്പം കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് യോഗത്തിന്ശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സമിതിയെടുത്ത തീരുമാനം യു.ഡി.എഫിലറിയിക്കാൻ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും ഉമ്മൻ ചാണ്ടിയെയും ചുമതലപ്പെടുത്തി.
പ്രവാസി മടക്കം പാളി
ഈ നിലയിലാണെങ്കിൽ രണ്ട് വർഷമായാലും വിദേശമലയാളികളെ മടക്കിക്കൊണ്ടുവരൽ സംസ്ഥാനത്ത് പൂർത്തിയാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഡിജിറ്റൽ വിദ്യാഭ്യാസകാര്യത്തിലെപ്പോലെ പ്രവാസിപ്രശ്നത്തിലും മുന്നൊരുക്കമില്ലാതിരുന്നതാണ് കൊവിഡ് കേസുകൾ പെരുകാൻ കാരണം.
വിദേശത്ത് മരിച്ച മലയാളി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം.
പമ്പ ത്രിവേണിയിലെ മണലെടുപ്പും തോട്ടപ്പള്ളിയിലെ കരിമണൽ കടത്തുമെല്ലാം കൊവിഡിന്റെ മറവിലെ പകൽക്കൊള്ളയാണ്. ഇതിനെ എതിർത്ത പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് അഴിമതി പുറത്തുകൊണ്ടുവരുന്നവരെ കേസിൽ കുടുക്കുന്ന സി.പി.എം തന്ത്രത്തിന്റെ ഭാഗമാണ്.