pamba

തിരുവനന്തപുരം: ദുരന്തനിവാരണ നിയമമനുസരിച്ച് പമ്പയിലെ മണൽ കൊണ്ടുപോകാമെന്നും വനംവകുപ്പിന് അതിൽ കാര്യമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയ കേന്ദ്രഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടി.

ദുരന്തനിവാരണ നിയമത്തിന്റെ മറവിൽ മണൽ നീക്കാനാണ് ശ്രമമെന്ന് സംശയമുണ്ടെന്ന് ജസ്റ്റിസ് കെ.രാമകൃഷ്ണൻ, വിദഗ്ദ്ധാംഗം സായ്ബാൽ ദാസ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു.

പരിസ്ഥിതി നിയമങ്ങളും നടപടിക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്തനിവാരണ നിയമപ്രകാരം മണൽ നീക്കാൻ ഉത്തവിട്ടെന്ന് സർക്കാർ വിശദീകരണം നൽകണം. കാലവർഷം തുടങ്ങിയ സംസ്ഥാനത്ത് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ മണൽ വാരുന്നതു തടയുന്നില്ല. സർക്കാർ നടപടികൾ സുതാര്യവും നിയമാനുസൃതവുമല്ല. കോടതി ഇടപെടൽ നിർബന്ധമാക്കുന്ന സാഹചര്യം ഉണ്ടെന്നും ട്രൈബ്യൂണൽ അഭിപ്രായപ്പെട്ടു.

മാധ്യമവാർത്തകളെ തുടർന്ന് ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.

@പ്രത്യേക സമിതി

മണൽ നീക്കത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ സമിതിയെയും ട്രൈബ്യൂണൽ നിയോഗിച്ചു.

കേന്ദ്ര വനം മന്ത്രാലയത്തിന്റെ ബംഗളൂരു റീജിയണൽ ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥൻ, വനംവകുപ്പ് മേധാവി നിയോഗിക്കുന്ന സി.സി.എഫിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥൻ, പത്തനംതിട്ട കളക്ടർ, മൈനിംഗ് ആൻഡ് ജിയോളജി സിനീയർ ഉദ്യോഗസ്ഥൻ, പത്തനംതിട്ട ഡി.എഫ്.ഒ, ദുരന്ത നിവാരണ അതോറിറ്റി അംഗം, സെക്രട്ടറി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

@മണൽ യുദ്ധം ഇങ്ങനെ

ദുരന്തനിവാരണ നിയമമനുസരിച്ച് പത്തനംതിട്ട കളക്ടർ നൂഹുവാണ് കണ്ണൂരിലെ പൊതുമേഖലാസ്ഥാപനത്തിന് പമ്പയിലെ മണലെടുക്കാൻ അനുമതി നൽകിയത്. എന്നാൽ നീരൊഴുക്ക് സുഗമമാക്കി പ്രളയസാദ്ധ്യത ഒഴിവാക്കാനേ ദുരന്തനിവാരണനിയമത്തിൽ വ്യവസ്ഥയുള്ളൂ എന്നും അതിന്റെ പേരിൽ മണൽ വാരി വനാതിർത്തിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ പറ്റില്ലെന്നും അതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നുമായിരുന്നു സംസ്ഥാന വനംവകുപ്പിന്റെ നിലപാട്. വനംവകുപ്പ് സെക്രട്ടറി കളക്ടറുടെ ഉത്തരവ് തടഞ്ഞു. അതിനെതിരെയാണ് സ്ഥാനമൊഴിയുന്നതിന്റെ തലേന്ന് ചീഫ് സെക്രട്ടറി ഹെലികോപ്റ്ററിൽ പറന്നെത്തി ഉദ്യോഗസ്ഥർക്ക് മണൽവാരാൻ നിർദ്ദേശം നൽകിയത്. ഇത് ശരിവെച്ച മുഖ്യമന്ത്രി,​ വനത്തിലെ മണലും വസ്തുക്കളും വനംവകുപ്പിന്റേതാണെന്ന ധാരണ വേണ്ടെന്നും എക്കലിനൊപ്പം മണലുണ്ടെങ്കിൽ വ്യവസ്ഥയനുസരിച്ച് വിൽക്കുമെന്നും ദുരന്തനിവാരണനിയമം അതിന് അനുവദിക്കുന്നുണ്ടെന്നുമാണ് പറഞ്ഞത്.

@വനം വകുപ്പിന്റെ നിലപാട്

പ്രളയം തടയാൻ ദുരന്തനിവാരണ നിയമമനുസരിച്ചാണ് മണൽ നീക്കുന്നത്. മണലായാലും എക്കലായാലും നദിയിലെ നീരൊഴുക്ക് മെച്ചപ്പെടുത്താനായി മാറ്റാം. എന്നാൽ അത് വനാതിർത്തിയിൽ തന്നെ നിക്ഷേപിക്കണം. അതിന് വിരുദ്ധമായി ചെയ്യാൻ ശ്രമിച്ചതിനെയാണ് എതിർത്തത്. കക്കി ഡാം മുതൽ താഴോട്ട് വനമേഖലയിൽ വൻതോതിൽ മണൽ അടിഞ്ഞിട്ടുണ്ട്. അത് നീക്കാൻ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. മണൽ ഒഴുകി വനാതിർത്തിക്ക് പുറത്തുളള ആറുകളിലെത്തിയാൽ തദ്ദേശസ്ഥാപനങ്ങൾക്ക് നിയമപ്രകാരം അത് വിൽക്കാം.