തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജില്ലാതല സർവകക്ഷി യോഗം ചേർന്നു. ജനകീയ പങ്കാളിത്തോടെ പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.കെ. ശൈലജ, കളക്ടർ നവ്‌ജ്യോത് ഖോസ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കാനും ക കണ്ടൈന്മെന്റ് സോണുകളിൽ നിരീക്ഷണം ഉറപ്പ് വരുത്താനും പഞ്ചായത്ത് സമിതികൾ കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കുന്നതും നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതും വിവിധ രാഷ്ട്രീയ പാർട്ടികൾക്കുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കും. സംസ്ഥാന തലത്തിലെ സർവകക്ഷി യോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയിരുന്നു. രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ശിഹാബുദ്ദീൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.