
തിരുവനന്തപുരം: ജൈവ വൈവിദ്ധ്യ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിനു അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോള താപനം, സമുദ്ര മലിനീകരണം, മരുഭൂമിവത്കരണം, കൊടും വരൾച്ച, കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികൾ മറികടക്കാൻ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ അനിവാര്യമാണ്. ഈ ആശയം മുൻനിറുത്തിയാണ് സർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുക, വനവത്കരണം ഊർജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഹരിതകേരളം മിഷൻ നടപ്പിലാക്കി.
ഏകലോകം, ഏകാരോഗ്യം എന്ന ആശയത്തെ മുൻനിറുത്തിയാകണം ഇനിയുള്ള പരിസ്ഥിതി ഇടപെടലുകൾ. ഈ വർഷം ഒരുകോടി 9 ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ജൂൺ അഞ്ചിന് 81 ലക്ഷം തൈകൾ നടും. ജൂലായ് 1 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. 'ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ' എന്ന ശീർഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.