കഴക്കൂട്ടം: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പരാതി. കണിയാപുരം സ്വദേശിനിയാണ് പീഡനത്തിനിരയായത്.സംഭവത്തിൽ ഇവരുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയെ ഭർത്താവിനൊപ്പം പോത്തൻകോട് വീട്ടിലായിരുന്നു താമസം. ഇരുവരും ഇടയ്ക്ക് പുതുക്കുറിച്ചിയിൽ ബീച്ചിലേക്ക് പോകാറുണ്ടായിരുന്നു. വൈകിട്ട് നാലുമണിയോടെ ഇവർ പുതുക്കുറിച്ചിയിലേക്ക് പോയി.അവിടെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം ഭർത്താവ് അവിടെയുണ്ടായിരുന്ന ആറുപേർക്കൊപ്പം മദ്യപിച്ചു. യുവതിക്കും നിർബന്ധിച്ച് മദ്യം നൽകിയ ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി.അവിടെ നിന്ന് ഇറങ്ങി ഓടിയ യുവതി വഴിയിൽ കണ്ട ഒരു വാഹനത്തിൽ കൈകാണിച്ചു കയറി. ഇതോടെ നാട്ടുകാർ വിവരമറിയുകയും ഇവർ യുവതിയെ കണിയാപുരത്തെ വീട്ടിൽ എത്തിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞതോടെ കഠിനംകുളം പൊലീസ് വീട്ടിലെത്തി യുവതിയെ ആശുപത്രിയിലാക്കി. തുടർന്നാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ ബോധം തെളിഞ്ഞാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.