uaew

ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾ സെപ്തംബറിൽ തുറന്നേക്കും. അത് പ്രധാനമായും ഓൺലൈൻ പഠനമായിരിക്കും. സ്കൂൾ തുറക്കുന്നതിനെപ്പറ്റി യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെങ്കിലും, നൂറോളം സ്കൂളുകളുടെ കൂട്ടായ്മയായ എഡ്യൂക്കേഷൻ ബിസിനസ് ഗ്രൂപ്പിന്റെ വെർച്വൽ യോഗത്തിലാണ് സ്കൂൾ തുറക്കുന്നതിനെപ്പറ്റി ഏകദേശം ധാരണയായത്.

ഇനി സ്കൂളുകൾ അധികാലം അടച്ചിടാനാവില്ലെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. സ്കൂളുകൾ തുറക്കുന്നതോടെ സാമ്പത്തികമായും സാമൂഹികമായും ഉണർവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തിയശേഷം മാത്രമായിരിക്കും അക്കാദമിക സംവിധാനങ്ങൾ ആസൂത്രണംചെയ്യുക.

സ്‌കൂൾ തുറക്കുന്നതോടെ നിലവിലെ സാഹചര്യത്തിൽ സാധാരണ രീതിയുള്ള അക്കാദമിക് സംവിധാനം ആയിരിക്കില്ല. ഒരുസമയം കുറച്ചുകുട്ടികൾ മാത്രം സ്‌കൂളിലെത്തുകയും ബാക്കിയുള്ളവർ ഇപ്പോൾ തുടർന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ തുടരുകയും ചെയ്യുന്ന സംവിധാനമായിരിക്കും നടപ്പാക്കുക. അങ്ങനെ മാറി മാറി വീട്ടിലിരുന്നും സ്കൂളിലെത്തിയുമുള്ള പഠനത്തിനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ എല്ലാ കുട്ടികൾക്കും സ്കൂളിന്റെ പഠന അന്തരീക്ഷം കിട്ടുമെന്നാണ് വിലയിരുത്തൽ.ഇതിന്റെ പ്രായോഗിക വശം വിലയിരുത്തിയതിനു ശേഷം സർക്കാരിന്റെ അനുമതിയോട് മാത്രമേ സ്കൂൾ തുറക്കുകയുള്ളൂ.