തിരുവനന്തപുരം: ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നതുപോലെയായി മത്സ്യതൊഴിലാളികളുടെ കാര്യം. കൊവിഡ് മൂലം പട്ടിണിയിലായ തൊഴിലാളികൾക്ക് മുന്നിൽ ട്രോളിംഗ് നിരോധനവും വന്നതോടെ തീരങ്ങളിൽ ഇനി വറുതിയുടെ കാലം. ജൂൺ 10 ന് ട്രോളിംഗ് നിരോധനം നിലവിൽ വരികയാണ്. ബോട്ടുകളും വലകളും കരയ്ക്കടിയുന്ന കാലം.
സാധാരണ ട്രോളിംഗ് നിരോധനം മുന്നിൽ കണ്ട് കുറച്ച് പണം കരുതിവയ്ക്കുന്നതാണ് മത്സ്യതൊഴിലാളികളുടെ പതിവ് രീതി. ഇക്കുറി അത് പറ്റിയില്ല. കൊവിഡിൽ തീരവും തിരയും മുങ്ങിത്താഴ്ന്നപ്പോൾ ജോലിയും കൂലിയുമില്ലാത്ത അവസ്ഥയായി. സർക്കാർ നൽകിയ കിറ്റും സൗജന്യ അരിയും കൊണ്ടാണ് കഴിഞ്ഞു പോന്നത്. ലോക്ക് ഡൗൺ നീളുകളും ജോലിയില്ലാതാവുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികളിൽ അധികം പേരും കടത്തിലായി. ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ വിഷമിക്കുകയാണ്.
മത്സ്യതൊഴിലാളികളുടെ മക്കൾ സ്കൂളിലും കോളേജിലും പഠിക്കുന്നവരുണ്ട്. പലരുടെയും വീടുകളിൽ ടിവിയും കമ്പ്യൂട്ടറുമൊന്നുമില്ല. ഇത് പഠനത്തെ ബാധിക്കുന്നു. സന്നദ്ധ സംഘടനകളാണ് പലയിടത്തും ഇതിന് ആശ്വാസമാകുന്നത്. എന്നാൽ അതില്ലാത്ത സ്ഥലങ്ങളിൽ സംഗതി വളരെ കഷ്ടത്തിലാണ്.
മഴ കനക്കുകയും കടൽ ക്ഷോഭം ഉണ്ടാവുകയും ചെയ്യുന്നതാേടെ തീരങ്ങളിലെ പല വീടുകളും നിലം പൊത്തി. കനത്ത കാറ്റിൽ മേൽക്കൂര തകർന്നു. തെങ്ങുകൾ വീണും മരങ്ങൾ ഒടിഞ്ഞു വീണും വീടുകൾക്ക് കേടുപാടായി. ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പലരും പാെളിഞ്ഞ വീടുകളിലാണ് താമസം. വലിയ മഴ വരാനിരിക്കുന്നതേയുള്ളൂ. ദുരിതങ്ങളുടെ തീരാ മഴയായി അത് മാറുമോ എന്നാണ് മത്സ്യതൊഴിലാളികളുടെ ആശങ്ക. എല്ലാ മഴക്കാലത്തും സംഭവിക്കാറുള്ളതാണിത്. അന്നൊക്കെ സർക്കാരിൽ നിന്ന് സഹായവും കിട്ടിയിട്ടുണ്ട്. എന്നാൾ ഇപ്പോൾ കൊവിഡ് ദുരിതാശ്വാസം നടക്കുന്നതിനാൽ മത്സ്യതൊഴിലാളികളുടെ കണ്ണീർ സർക്കാർ കാണാതാകുമോ എന്ന അങ്കലാപ്പും ഇവർക്കുണ്ട്.