
തിരുവനന്തപുരം- റിട്ട. എ.എസ്.ഐ മുതൽ വൈദികൻ വരെ നീളുന്ന ഉറവിടമറിയാത്ത കൊവിഡ് കേസുകൾ തലസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നു. തിരുവനന്തപുരം നാലാഞ്ചിറ ബനഡിക്ട് കോളനിയിൽ ഫാ.കെ.ജി വർഗീസെന്ന വൈദികനാണ് തിരുവനന്തപുരത്ത് ഏറ്റവുമൊടുവിൽ കൊവിഡിന് ഇരയായി മരണപ്പെട്ടത്. സംസ്ഥാനത്ത് ആദ്യം കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട്ടെ റിട്ട.. എ.എസ്.ഐ അബ്ദുൾ അസീസ് , ഫാ. കെ.ജി വർഗീസ് എന്നിവരുടെ കൊവിഡ് മരണങ്ങളുടെയും വെഞ്ഞാറമൂട്, ആനാട് എന്നിവിടങ്ങളിലെ കൊവിഡ് ബാധയുടെയും ഉറവിടമാണ് ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും അജ്ഞാതമായി അവശേഷിക്കുന്നത്.
ജില്ലയിലെ പോത്തൻ കോട് റിട്ട. എ.എസ്.ഐ അബ്ദുൾ അസീസിന്റേതായിരുന്നു സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി മരണത്തിന് കീഴടങ്ങിയ ആളെന്ന നിലയിൽ അബ്ദുൾ അസീസിന്റെ മരണത്തെയും രോഗത്തിന്റെ ഉറവിടത്തെയും പറ്റി വിശദമായ അന്വേഷണമാണ് ആരോഗ്യവകുപ്പ് നടത്തിയത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത അബ്ദുൾ അസീസിന് രോഗം ബാധിച്ചതെവിടെനിന്നെന്ന കാര്യം ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും ആരോഗ്യ വകുപ്പിന് മനസിലാക്കാനായില്ല. മരിക്കുന്നതിന് മുമ്പ് പോത്തൻകോട്ടെ ഒരുപള്ളിയിൽ നടന്ന രണ്ട് ഖബറടക്കത്തിലും ചില വിവാഹ ചടങ്ങുകളിലും സംബന്ധിച്ചുവെന്നതിനപ്പുറം ഇയാൾക്ക് കൊവിഡ് 19 വൈറസ് ബാധയുണ്ടായതിനെപ്പറ്റി യാതൊന്നും ആരോഗ്യ വകുപ്പിന്റെ പരിശോധനകളിലോ പഠനങ്ങളിലോ മനസിലാക്കാനായില്ല. അബ്ദുൾ അസീസിന്റെ കുടുംബാംഗങ്ങൾക്കോ പ്രദേശവാസികളായ മറ്റാർക്കുമോ രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാരിച്ച ജോലികൾക്കിടയിൽ രോഗത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും ആരോഗ്യ വകുപ്പ് പതിയെ അവസാനിപ്പിച്ചു.
വെഞ്ഞാറമൂട്ടിൽ പൊലീസ് പിടികൂടിയ അബ്കാരികേസിലെയും ക്രിമിനൽ കേസുകളിലെയും പ്രതികൾക്ക് റിമാൻഡിന് ശേഷം ജയിലിൽ നടത്തിയ പരിശോധനയിൽ കൊവിഡ് കണ്ടെത്തിയതായിരുന്നു അടുത്ത വെല്ലുവിളി. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് കേരളത്തിനും തമിഴ്നാട് അതിർത്തികളിലും വിപുലമായ സമ്പർക്കപ്പട്ടികയുടെ ഉടമകളായിരുന്ന ഇവർക്ക് രോഗമുണ്ടായത് തമിഴ്നാട്ടുകാരായ ചിലരുമായുള്ള സമ്പർക്കത്തിലായിരിക്കാമെന്ന നിഗമനത്തിൽ അത് സംബന്ധിച്ച അന്വേഷണവും അവസാനിച്ചു. നെടുമങ്ങാട് ആനാട് പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടെ പൊലീസ് പിടിയിലായ പെയിന്റിംഗ് തൊഴിലാളിയുടെ രോഗബാധയായിരുന്നു ഉറവിടം അജ്ഞാതമായ അടുത്ത കേസ്. ആനാടും പരിസരത്തും നിരവധിപ്പേരെ ക്വാറന്റൈനിലാക്കുകയും പരിശോധന നടത്തുകയും ചെയ്തെങ്കിലും പുതിയ കേസുകളൊന്നും കണ്ടെത്താതിരുന്നതോടെ അത് സംബന്ധിച്ച അന്വേഷണവും ആഴ്ചകൾക്ക് ശേഷം പുരോഗതിയില്ലാതെ അവസാനിച്ചു.
പിന്നീട് രണ്ടാഴ്ചയോളം കേരളത്തിന് പുറത്ത് നിന്ന് നാട്ടിലെത്തുന്നവർക്കൊഴികെ ആർക്കും രോഗ ബാധയില്ലാതിരിക്കെയാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ വൈദികൻ കെ.ജി വർഗീസ് രോഗം ബാധിച്ച് മരിച്ചത്. രണ്ട് മാസത്തോളം മെഡിക്കൽ കോളേജിലും പേരൂർക്കട ഗവ. ആശുപത്രിയിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ജോർജിന് ന്യുമോണിയ കലശലായതോടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് വ്യക്തമായത്. പരിശോധനാഫലം വരുന്നതിന് തലേദിവസം ജോർജ് മരണപ്പെട്ടതോടെ മരണദിവസവും അതിനുമുമ്പും വൈദികനുമായി ആശുപത്രിയിൽ അടുത്തിടപഴകിയ ഡോക്ടർമാരും നഴ്സുമാരും ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ അമ്പതിലധികം പേർ വിവിധ സ്ഥലങ്ങളിൽ ക്വാറന്റൈനിലാണ്. വിദേശയാത്രയുടെയോ കൊവിഡ് ബാധിതരുമായുള്ള സമ്പർക്കത്തിന്റെയോ ചരിത്രമില്ലാത്ത വൈദികന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഏതെങ്കിലും വിധത്തിൽ രോഗബാധയുണ്ടായതാകാമെന്ന നിഗമനത്തിൽ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ കേസുകളുടെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം തുടരുന്നുവെന്നും അവസാനിച്ചുവെന്നും ആരോഗ്യവകുപ്പ് ഒറ്റവാക്കിൽ മറുപടി പറയുമ്പോൾ തീവ്രമേഖലയിൽ നിന്നെത്തിയവരല്ലാത്ത പുതിയ കേസുകളുടെ എണ്ണം ഓരോ ആഴ്ചയിലും കൂടുന്നത് ആരോഗ്യ പ്രവർത്തകരെയും നാട്ടുകാരെയും ആശങ്കയിലാക്കുകയാണ്.