elephant-murder-case-

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഓടക്കാലി സ്വദേശി വിൽസണാണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയിൽ കൃഷി ചെയ്യുന്നയാളാണ് ഇയാൾ. മറ്റുചിലർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്.ഇന്നലെ മൂന്നുപേരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു.

അന്വേഷണം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നിലമ്പൂർ വനമേഖലയിൽ സമാനമായ രീതിയിൽ പരിക്കേറ്റ ആനയെ കണ്ടെത്തിയതാണ് ഇതിനുകാരണം. ഇൗ ആനയ്ക്കും ചരിഞ്ഞ ആനയ്ക്കും ഉണ്ടായ മുറിവുകൾ സമാനമാണ്.പ്രദേശത്തെ ചിലർ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും എത്തുന്ന ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്താനായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.


ആന ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പും മണ്ണാർക്കാട് പൊലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്.അതേസമയം
പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും വേണ്ടചികിത്സ നൽകുന്നതിന് വനംവകുപ്പ് ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി പ്രദേശവാസികൾ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും അവർആവശ്യപ്പെടുന്നു. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നും ഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് പറയുന്നത്.