കോട്ടയം: താഴത്തങ്ങാടി ഷീബ വധത്തിൽ പ്രതി ബിലാൽ മാനസിക രോഗിയാണെന്ന കുടുംബത്തിന്‍റെ വാദം പൊലീസ് തള്ളി. കൊടുംകുറ്റവാളികള്‍ ചെയ്യുന്നതിന് സമാനമായാണ് കൊലയ്ക്ക് ശേഷം ബിലാല്‍ പെരുമാറിയത്. പൂര്‍ണബോദ്ധ്യത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു.
തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടതും കാര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ രീതിയും തെളിയിക്കുന്നത് ഇതാണ്. കുറ്റകൃത്യം ചെയ്ത രീതിയും സ്ഥിരംകുറ്റവാളികളുടേതിന് സമാനമാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിയുടെ സ്വഭാവത്തില്‍ യാതൊരു അസ്വഭാവികതയും തോന്നിയിട്ടില്ലെന്ന് ഇയാള്‍ ജോലി ചെയ്ത കടയുടമയും പറഞ്ഞു. അതേസമയം, കേസില്‍ ഇതുവരെയുള്ള തെളിവെടുപ്പില്‍ ഷീബയുടെ 23 പവന്‍ സ്വര്‍ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്നെത്തി കോട്ടയം പേരൂരിലെ നിരീക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ മകളുടെ മൊഴിയും ഇന്ന് പൊലീസ് രേഖപ്പെടുത്തും.
ഷീബയുടെ മൊബൈല്‍ ഫോണ്‍ ബിലാല്‍ ഉപേക്ഷിച്ചത് തണ്ണീര്‍മുക്കം ബണ്ടിന് സമീപമാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം ആലപ്പുഴയിലെ ഒരു ലോഡ്ജിലും പ്രതി താമസിച്ചിട്ടുണ്ട്. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശേഷം ഈ രണ്ടിടങ്ങളിലും എത്തിച്ച് പൊലീസ് തെളിവെടുക്കും.
അക്രമവിവരം പുറത്തറിയാതിരിക്കാനാണ് മൊബൈല്‍ കൈവശംവച്ചതെന്നാണ് പ്രതി നേരത്തെ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തിന് ശേഷം തണ്ണീര്‍മുക്കം ബണ്ടിന് സമീപത്തെ കായലിലേക്കാണ് പ്രതി മൊബൈല്‍ എറിഞ്ഞത്. പിന്നീട് കാറുമായി മുങ്ങിയ ബിലാല്‍ ആലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിന് സമീപമുള്ള ഒരു ലോഡ്ജിലാണ് താമസിച്ചത്. പ്രതി സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെടുത്തതും ഇവിടെനിന്നാണ്.