കോട്ടയം- നന്നാക്കാൻ പരമാവധി നോക്കി, നന്നായില്ല, ഇപ്പോൾ ഇങ്ങനെയായി. ഇനി പടച്ചവൻ വിധിച്ചവണ്ണമാകട്ടെ.
നിക്കറിട്ട് നടക്കുന്ന പ്രായം മുതൽ കുറ്റവാസനയുള്ള പ്രകൃതമായിരുന്നു താഴത്തങ്ങാടി ഷീബ കൊലക്കേസ് പ്രതി മുഹമ്മദ് ബിലാലിന്റേതെന്ന് പിതാവ് നിസാം ഹമീദ്.അഞ്ച് വർഷം മുമ്പ് വരെ ആലപ്പുഴയിലായിരുന്നു താമസം. അവിടുത്തെ കൂട്ടുകെട്ടിന്റേതാകുമെന്നാണ് ആദ്യം കരുതിയത്. അവിടെനിന്ന് താമസം മാറി കുമരകത്തെത്തിയിട്ടും നിസാമിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല.
മൂന്നാംക്ലാസ് മുതൽ വീടുവിട്ടിറങ്ങിപ്പോവുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അവന്. ഇതേത്തുടർന്ന് പല മാനസികാരോഗ്യ ചികിത്സകളും നടത്തി. ഒന്നും ഫലം ചെയ്തില്ല. സ്നേഹത്തോടെ ഉപദേശിച്ചു.കച്ചവടത്തിലെല്ലാം കൂടെക്കൂട്ടി നോക്കി. എന്നിട്ടും ശരിയായില്ല.
മുമ്പ് പല തവണ ബിലാൽ ഉൾപ്പെട്ട കേസുകൾ പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ കേസുകൾ ഒത്തുതീർപ്പാക്കാൻ ചെലവഴിച്ചു. ഓരോ തവണയും ഇനി ആവർത്തിക്കില്ലെന്ന് പറയുമെങ്കിലും അവൻ വാക്ക് പാലിച്ചിട്ടില്ല. മകന് എന്നും ക്രൂരസ്വഭാവമാണെന്നും പിതാവ് പറഞ്ഞു.
ഭക്ഷണം ശരിയായിട്ട് കഴിക്കാതെ മൊബൈലിൽ പബ്ജി മാത്രം കളിച്ചു കൊണ്ടിരിക്കുകയും പിന്നീട് വീട് വിട്ട് ഇറങ്ങി പോകുകയും ചെയ്യുന്ന തരം വിചിത്ര സ്വഭാവമായിരുന്നു മകന്റേത്. കഴിഞ്ഞ ദിവസം മകന് മാനസിക പ്രശ്നങ്ങളുണ്ടായി. അതിനുശേഷമാണ് അവൻ വീട്ടിൽ നിന്ന് പോയത്. ഇടയ്ക്കിടെ ഇറങ്ങിപ്പോകുകയും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ മടങ്ങിയെത്തുകയും ചെയ്യുന്നതിനാൽ കാര്യമാക്കിയില്ല. ദേഷ്യം അടങ്ങുമ്പോൾ അവൻ തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താഴത്തങ്ങാടിയിൽ കൊലപാതകം നടന്നപ്പോൾ മുതൽ മനസിൽ ആധിയായി. ആദ്യമേ എനിക്കവനെ സംശയമുണ്ടായിരുന്നു. സാലിയുടെ വീടിന് സമീപം അവന്റെ സാന്നിദ്ധ്യമുണ്ടായതായി കണ്ടെത്തിയപ്പോഴും പൊലീസ് അവനെ കസ്റ്റഡിയിലെടുക്കുമ്പോഴും കൊലപാതകി അവനാകല്ലേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. എല്ലാം വെറുതെയായി. കൊലപാതകത്തേക്കാൾ വലിയ പാതകമാണ് അവൻ എന്നോടും കുടുംബത്തോടും ചെയ്തത്. കുറ്റം ചെയ്‌തെങ്കിൽ അവൻ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ മകനെ തൂക്കികൊല്ലട്ടെന്നും താൻ അതിൽ ഇടപെടില്ലെന്നും നിസാം ഹമീദ് പറഞ്ഞു.
കൊലയ്ക്ക്ശേഷം അടുക്കളയിൽ നിന്ന് ഗ്യാസ് കുറ്റി എടുത്തു കൊണ്ട് വന്ന് ഗ്യാസ് തുറന്നു വിടുകയും ഷീബയെയും സാലിയെയും ഷോക്കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ക്രൂരകൃത്യങ്ങളുടെ രീതിയും മകന്റെ തിരോധാനവുമാണ് തനിക്ക് മുഹമ്മദ് ബിലാലിൽ സംശയം വർദ്ധിപ്പിച്ചത്.കേസിന്റെ അന്വേഷണത്തിന് പൊലീസുമായി പരിപൂർണമായി സഹകരിക്കും. ആവശ്യമായ തെളിവുകൾ ലഭ്യമാക്കാനും മറ്റ് കാര്യങ്ങൾക്കും തന്റെ എല്ലാ സഹായവുമുണ്ടാകുമെന്നും നിസാം ഹമീദ് വെളിപ്പെടുത്തി.
അതേസമയം, പിടിയിലായ മുഹമ്മദ് ബിലാൽ ബുദ്ധിമാനായ ക്രിമിനലാണെന്ന് പൊലീസ് വെളിപ്പെടുത്തി. ബിലാലിന്റെ പിതാവ് നിസാം ഹമീദ് മകനെ ഒരു തരത്തിലും പിന്തുണക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
കോട്ടയം താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബ സാലി (60) യെയാണ് കഴിഞ്ഞ ദിവസം മുഹമ്മദ് ബിലാൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഷീബയുടെ ഭർത്താവ് മുഹമ്മദ് സാലി(65)ക്ക് ബിലാലിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കൊല നടത്തി സ്വർണവും പണവും അപഹരിച്ച ശേഷം ബിലാൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി.
കൊല നടത്തിയ ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലെത്തിയ മുഹമ്മദ് ബിലാൽ, താൻ മുമ്പ് പഠിച്ച സ്‌കൂളിന് സമീപം വാഹനം ഉപേക്ഷിച്ച് എറണാകുളത്തേയ്ക്ക് കടന്നു. ഇടപ്പള്ളിയിൽ ഒരു ഹോട്ടലിൽ ജോലി തേടിയെത്തിയ ഇയാളെ ഇവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. കോട്ടയത്തെത്തുംമുമ്പ് മുഹമ്മദ് ബിലാലും കുടുംബവും താമസിച്ചിരുന്നത് ആലപ്പുഴയിലായതിനാൽ ഇടറോഡുകളെല്ലാം പ്രതിക്ക് കൃത്യമായി അറിയാം. വർഷങ്ങൾ കഴിഞ്ഞെങ്കിലും നാട്ടുകാർക്കും ബിലാലിനെ ഇപ്പോഴും ഓർമ്മയുണ്ട്. കുട്ടിക്കാലം മുതലേ വീടുവിട്ടിറങ്ങി ഇയാൾ മോഷണം പതിവാക്കിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ബിലാലിനെ മകനെപ്പോലെയാണ് കൊല്ലപ്പെട്ട ഷീബ കണ്ടിരുന്നതെന്ന് ബന്ധുക്കളും പ്രതികരിച്ചു.
ഷീബയുടെ വീട്ടിൽ നിന്ന് അപഹരിച്ച വസ്തുക്കൾ ബിലാലിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയശേഷം സ്വർണവും ഫോണുകളും ബിലാലിന്റെ മൊഴി അനുസരിച്ച് തന്നെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.