pj-joseph

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസഡന്‍റ് സ്ഥാനം ഒഴിയുന്നതില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പി.ജെ.ജോസഫിന്‍റെ അന്ത്യശാസനം. ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു. ഇത് ഭീഷണിയല്ല. അവര്‍ക്ക് നല്‍കിയ സമയമാണ്. പുതിയ പ്രസിഡന്‍റിനെ യു.ഡി.എഫ് ചേര്‍ന്ന് തിരഞ്ഞെടുക്കുമെന്നും ജോസഫ് പറഞ്ഞു.

ജോസഫ് പക്ഷത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കൈമാറാനാണ്‌ യു.ഡി.എഫ് ധാരണ. എന്നാല്‍ നിര്‍ണായക രാഷ്ട്രീയ ഘട്ടങ്ങളിലെല്ലാം മുന്നണിമാറ്റമെന്ന ഭീഷണി ഉയര്‍ത്തുന്ന പി.ജെ. ജോസഫിനു മുന്നില്‍ യു.ഡി.എഫ്. വഴങ്ങരുതെന്ന് ജോസ് കെ. മാണി പക്ഷം ആവശ്യപ്പെട്ടു. നിലവിലില്ലാത്ത കരാര്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ അധാര്‍മികതയാണ്. കെ.എം. മാണി രൂപംനല്‍കിയ കരാര്‍ പാലിക്കപ്പെടണമെന്നും ജോസ്.കെ.മാണി ആവശ്യപ്പെട്ടു.

അവിശ്വാസപ്രമേയം വന്നാല്‍ എല്‍.ഡി.എഫ്. ജോസ് പക്ഷത്തെ പിന്തുണച്ചേക്കും. എന്നാല്‍, അത്തരം സാഹചര്യം വന്നാല്‍ ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാനാകില്ല.അതേ സമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടുനില്‍കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ജോസ് കെ.മാണി വിഭാഗം. കോട്ടയം പോലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല വേരോട്ടമുള്ളയിടത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് ഗ്രൂപ്പിന് പിടിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് എന്തിനിത്ര വെമ്പല്‍കൊള്ളുന്നുവെന്ന ചോദ്യമാണ് ജോസ് പക്ഷം ഉയര്‍ത്തുന്നത്.