തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആകർഷകമായ ആംനസ്റ്രി പദ്ധതിയിലൂടെ വ്യാപാരികളുടെ വാറ്റ് നികുതി കുടിശികയിൽ 8,000 കോടി രൂപ പിരിച്ചെടുക്കാൻ സർക്കാർ നീക്കം. തവണകളായാണെങ്കിൽ കുടിശികയുടെ 50 ശതമാനവും ഒന്നിച്ചാണെങ്കിൽ 40 ശതമാനവും അടച്ചാൽ മതി. പിഴയും പലിശയും അടയ്ക്കേണ്ട. അതോടെ എല്ലാ നിയമ നടപടികളും ഒഴിവാകും.
ഇതുവരെ ആംനസ്റ്രി പദ്ധതിയിൽ പിഴയും പലിശയും മാത്രമാണ് ഒഴിവാക്കിയിരുന്നത്. പകുതിയിലേറെ നികുതി തന്നെ ഇളവ് ചെയ്യുന്നത് ആദ്യമാണ്.
രണ്ട് വിഭാഗങ്ങൾക്കാണ് ആംനസ്റ്രി സ്‌കീം
അസസ്‌മെന്റ് കഴിഞ്ഞ കേസുകൾ
ഈയിനത്തിൽ മൊത്തം നികുതിയിൽ 16,061 കോടിയാണ് കുടിശിക. ഇതിൽ പലതും കോടതിയിൽ കേസിലാണ്. കുടിശികക്കാർ പാപ്പരായ കേസുകളും കാണും. കുടിശികയുള്ളവരെ ബന്ധപ്പെടാൻ ഉന്നത ഉദ്യോഗസ്ഥരെ മുതൽ താഴേക്കിടയിലുളള ജീവനക്കാരെ വരെ നികുതി വകുപ്പ് ചുമതലപ്പെടുത്തി. ഒരിക്കലും കിട്ടാത്ത വലിയ തുകകൾ ഒഴിവാക്കിയാലും 10,000 കോടി രൂപയെങ്കിലും കാണും. ഇവരെ ആംനസ്റ്രി സ്‌കീമിൽ ചേർത്ത് 4000 മുതൽ 5000 കോടി വരെ പിരിക്കാമെന്നാണ് പ്രതീക്ഷ.
നികുതി നിർണയിക്കാത്ത കേസുകൾ
2014-15, 2015-16,2016-17, 2017-18 വർഷങ്ങളിലെ അസസ്‌മെന്റ് കഴിയാത്ത കേസുകളിൽ നികുതി നിർണയിക്കാൻ നടപടി തുടങ്ങി. ഇതിന്റെ നോട്ടീസ് വ്യാപാരികൾക്കും നൽകും. അവരുടെ വാദം കേട്ട ശേഷം നികുതി നിർണയിക്കും. തുടർന്ന് വ്യാപാരികൾക്ക് സമാശ്വാസ പദ്ധതിയിൽ ചേർന്ന് തവണകളായി 50 % അല്ലെങ്കിൽ ഒന്നിച്ച് 40% അടച്ച് നടപടി ഒഴിവാക്കാം.
നാലുവർഷത്തെ നികുതി 10,000 കോടിയെങ്കിലും വരും. ആംനസ്റ്രിയിലൂടെ 4000 കോടിയെങ്കിലും പിരിക്കാം.
40 ലക്ഷത്തിന് മുകളിൽ വിറ്രുവരവുണ്ടായിട്ടും ജി.എസ്. ടി അടയ്ക്കാത്ത റസ്റ്രോറന്റുകളെ നികുതി പരിധിയിലാക്കാനും നീക്കം തുടങ്ങി. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഊബർ ,സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറിക്കാരുടെയും സഹായം തേടിയിട്ടുണ്ട്.