covid-19

ചെന്നൈ: കൊവിഡ് രോഗികളുടെ എണ്ണം ചെന്നൈ നഗരത്തിൽ ജൂലായ് അവസാനത്തോടെ ഒന്നര ലക്ഷമാകുമെന്ന് ഡോ എം.ജി.ആർ മെഡിക്കൽ സർവകലാശാലയുടെ പ്രവചനം. 1,600ത്തോളം പേർ മരിക്കും.രോഗ വ്യാപനം തടയുന്നതിനും മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സർക്കാർ ആശ്രയിക്കുന്നത് സർവകലാശാലയുടെ ഡാറ്റയാണ്.

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. പത്തൊമ്പത് ദിവസം മുൻപ് 10,000 രോഗികളുണ്ടായിരുന്ന സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ രോഗികളുടെ എണ്ണം 27,256 ആയി. ചെന്നൈ നഗരത്തിൽ മാത്രം ഇതുവരെ 18,693 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മാത്തമറ്റിക്കൽ മോഡലിങ് അടിസ്ഥാനപ്പെടുത്തിയാണ് സർവകലാശാലയുടെ പ്രവചനം. മേയ് ഇരുപത്തഞ്ചോടുകൂടി ചെന്നൈയിൽ 83 പേർ മരിക്കുമെന്ന പ്രവചനം കൃത്യമായിരുന്നു. അതേ ദിവസം 11,119 കേസുകൾ ഉണ്ടാകുമെന്നായിരുന്നു സർവകലാശാലയുടെ കണക്കുകൂട്ടൽ. അതിൽ 12 കേസുകളുടെ കുറവ് മാത്രമാണ് ഉണ്ടായത്. അത് വച്ച് നോക്കുമ്പോൾ പ്രവചനം ശരിയാകുമെന്നാണ് വിലയിരുത്തൽ. .