തിരുവനന്തപുരം: പമ്പയിലെ മണല്‍ നീക്കുന്ന വിഷയത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിനെതിരേ സി.പി.ഐ. മണല്‍ നീക്കാനുള്ള കളക്ടറുടെ ഉത്തരവില്‍ പിശകുണ്ടെന്ന് പ്രകാശ് ബാബു പറഞ്ഞു. ഇക്കാര്യത്തില്‍ വനംവകുപ്പ് സ്വീകരിച്ച നിലപാട് ശരിയാണെന്നും പ്രകാശ് ബാബു വ്യക്തമാക്കി
വനത്തില്‍നിന്ന് നീക്കുന്ന മണല്‍ വനമേഖലയില്‍ തന്നെ നിക്ഷേപിക്കണമെന്ന വനംമന്ത്രിയുടെ നിലപാടാണ് നിയമപരമെന്നും പ്രകാശ്ബാബു പറഞ്ഞു. സംസ്ഥാനത്ത് വീണ്ടുമൊരു പ്രളയത്തിനുള്ള സാദ്ധ്യത പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ പമ്പയിലെ മണല്‍ നീക്കം ചെയ്യേണ്ടതാണെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
നീക്കുന്ന മണല്‍ എവിടേയും കൊണ്ടുപോകാമെന്ന് കളക്ടറുടെ ഉത്തരവിലുണ്ട്. ഇത് നിയമപരമല്ലെന്നും പ്രകാശ് ബാബു ചൂണ്ടിക്കാണിച്ചു. കളക്ടര്‍ പുറത്തിറക്കിയ ഉത്തരവാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് സി.പി.ഐ വിലയിരുത്തുന്നു. മുന്‍ ചീഫ് സെക്രട്ടറിയുടെ സമ്മര്‍ദം കൊണ്ടാണോ കളക്ടര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന ചോദ്യത്തിന് കളക്ടറാണ് മറുപടി നല്‍കേണ്ടതെന്നും പ്രകാശ് പറഞ്ഞു.