കല്ലമ്പലം: ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച കുടവൂർ വില്ലേജ് ഒാഫീസ് കെട്ടിടനിർമ്മാണം പാതിവഴിയിൽ നിലച്ചതായി പരാതി. കപ്പാംവിളയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി ഇക്കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകുമെന്നാണ് ജില്ലാ കളക്ടർ പറഞ്ഞിരുന്നതെങ്കിലും ബെയ്സ്‌മെന്റ് മാത്രമാണ് ഇതുവരെ പൂർത്തിയായത്. കരാറുകാരൻ പണി നിറുത്തി സ്ഥലം വിടുകയും ചെയ്തു. കരാറുകാരന് പണം ലഭിക്കാത്തതാണ് പണിമുടങ്ങാൻ കാരണമെന്നാണാക്ഷേപം. ഉടൻ പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കാലപ്പഴക്കവും, നിർമ്മാണത്തിലെ അപാകതയും മൂലം സീലിംഗ് അടർന്നു വീണ് പലർക്കും പരിക്കേൽക്കുകയും ജീവനക്കാർ ആശങ്ക അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഴയ കെട്ടിടം പൊളിച്ച് അതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. 1997 ലാണ് കുടവൂർ വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം ലഭിച്ചത്. പ്രവർത്തനം ആരംഭിച്ച് അഞ്ചു വർഷം കഴിഞ്ഞപ്പോൾ തന്നെ കെട്ടിടത്തിന്റെ ചുവരുകളിൽ വിള്ളലുകളും പൊട്ടലുകളും കാണാൻ തുടങ്ങി. തുടർന്ന് സർക്കാർ എൻജിനീയർമാർ പരിശോധന നടത്തിയെങ്കിലും പൊട്ടലുകൾ സാധാരണമാണെന്ന നിഗമനത്തിലെത്തി മടങ്ങി. എന്നാൽ കാലക്രമേണ കെട്ടിടം പൊട്ടിപൊളിഞ്ഞ് കമ്പികൾ പുറത്തേക്ക് ചാടി ഉപയോഗിക്കാൻ പറ്റാത്ത നിലയിലായതോടെയാണ് പുതിയ കെട്ടിടത്തിനായി നാട്ടുകാർ മുറവിളികൂട്ടിയത്. തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ പണം അനുവദിച്ചതും, ശിലയിട്ടതും.
വാടകക്കെട്ടിടത്തിൽ ദുരിതം മാത്രം
പുതിയ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പഴയത് പൊളിച്ച് മാറ്റിയതോടെയാണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാൽ ഈ കെട്ടിടത്തിൽ 5 പേർക്ക് പോലും നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. പല ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർക്ക് കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പരാതിപ്പെട്ടിട്ടും നടപടിയില്ല
തട്ടിക്കൂട്ട് പണി വേണ്ടെന്ന് നാട്ടുകാർ
ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യം
അനുവദിച്ചത് - 44 ലക്ഷം രൂപ
പ്രതികരണം
കുടവൂർ വില്ലേജ് ഒാഫീസിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ച സാഹചര്യത്തിൽ സംഭവത്തിലിടപെടാൻ റവന്യൂ മന്ത്രിയോട് ആവശ്യപ്പെടും.
ഇ.എം. റഷീദ്, നാട്ടുകാരൻ,
സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം
കൊവിഡും ലോക്ക് ഡൗണും കാരണമാണ് വില്ലേജ് ഒാഫീസ് കെട്ടിടത്തിന്റെ നിർമ്മാണം നിറുത്തി വയ്ക്കേണ്ടി വന്നത്.
അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ജോലിക്കാരിൽ ഭൂരിപക്ഷവും. കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ വർക്കുകൾ പുനരാരംഭിക്കാൻ നടപടിയായി. നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും.
അഡ്വ. വി.ജോയി എം.എൽ.എ