crime

നെയ്യാറ്റിൻകര: മണലിവിള - ശാസ്‌താന്തല പ്രദേശത്ത് യുവാവിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ശാസ്‌താന്തലയ്ക്ക് സമീപത്തെ കുളത്തിൽ മീൻ പിടിക്കാനെത്തിയത് ചോദ്യം ചെയ്‌തതോടെയാണ് യുവാവ് ആയുധവുമായി അക്രമാസക്തനായത്. ആക്രമണത്തിനുശേഷം മണലിവിള യദുകുലം വീട്ടിൽ ആകാശ് എന്ന യദു (22) ഒളിവിൽ പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ശാസ്‌താന്തല റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇവിടെ മത്സ്യക്കൃഷി നടക്കുകയായിരുന്നു. കുളത്തിൽ മീൻ പിടിക്കുന്നത് ചോദ്യം ചെയ്‌ത വലിയവിള വീട്ടിൽ ശരത് ലാലിനെ (38) വെട്ടുകത്തിക്ക് വെട്ടുകയായിരുന്നു. ഇരുകൈകളും വെട്ടേറ്റ് തൂങ്ങിയ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം ശാസ്‌താന്തല റ‌സി‌ഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായ കാലുപാട് വീട്ടിൽ കെ.എസ്. അജിയെ ഇരുമ്പ് കട്ട കൊണ്ട് തലയ്ക്കിടിച്ച് പരിക്കേല്പിക്കുകയും ചെയ്‌തു. ഇയാൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുളത്തിന്റെ കരയിലുള്ള വീടുകളിലും യുവാവ് ആക്രമണം നടത്തി. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.